കെ.പി അനില്‍കുമാര്‍ സി.പി.എമ്മില്‍; സ്വീകരിച്ച് കോടിയേരി ബാലകൃഷ്ണന്‍

Glint Desk
Tue, 14-09-2021 01:14:27 PM ;

കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാറും സി.പി.എമ്മില്‍ ചേര്‍ന്നു. നേരത്തെ കെ.പി.സി.സി സെക്രട്ടറിയും നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായിരുന്ന പി.എസ് പ്രശാന്തും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് എ.കെ.ജി സെന്ററില്‍ എത്തിയ അനില്‍കുമാറിനെ കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചു. ചുമന്ന് ഷാള്‍ അണിയച്ചായിരുന്നു സ്വീകരിച്ചത്. അനില്‍കുമാറിനൊപ്പം എ.കെ.ജി സെന്ററിലേക്ക് പോകാന്‍ പി.എസ് പ്രശാന്തും ഉണ്ടായിരുന്നു. പദവി സി.പി.ഐ.എം പിന്നീട് തീരുമാനിക്കും. ഒരു ഉപാധികളുമില്ലാതെയാണ് പാര്‍ട്ടിയിലേക്ക് പോകുന്നതെന്ന് കെ.പി അനില്‍കുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് വിട്ടുവരുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.  കോണ്‍ഗ്രസില്‍ ഉരുള്‍പ്പൊട്ടലാണെന്നും പാര്‍ട്ടിയില്‍ അണികള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കോടിയേരി പറഞ്ഞു. അനില്‍കുമാറിന് നല്‍കേണ്ട പദവിയില്‍ സി.പി.എം പിന്നീട് തീരുമാനമെടുക്കും. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിളള , എം.എ ബേബി തുടങ്ങി മുതിര്‍ന്ന നേതാക്കളും അനില്‍കുമാറിനെ സ്വീകരിക്കാന്‍ എ.കെ.ജി സെന്ററില്‍ ഉണ്ടായിരുന്നു

കോണ്‍ഗ്രസില്‍ നീതി നിഷേധമാണ് നടക്കുന്നത് എന്ന് അറിയിച്ചുകൊണ്ടായിരുന്നു അനില്‍കുമാര്‍ രാജി പ്രഖ്യാപിച്ചത്. വാര്‍ത്താ സമ്മേളനത്തിലൂടെയായിരുന്നു പ്രഖ്യാപനം. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു അനില്‍ കുമാര്‍. അച്ചടക്ക നടപടി പിന്‍വലിക്കാത്തതില്‍ കെ.പി അനില്‍കുമാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് ഏകാധിപത്യമാണ്. നീതി നിഷേധത്തനെതിരെ പ്രതികരിച്ചു. ആ പ്രതികരിച്ചതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നതായും കെ.പി അനില്‍കുമാര്‍ പറഞ്ഞു.

അഞ്ച് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്നു. 2002 മുതല്‍ 2007 വരെ. നിശ്ചലമായി നിന്നിരുന്ന യൂത്ത് കോണ്‍ഗ്രസിനെ സഹപ്രവര്‍ത്തകരുള്‍പ്പെടെയുള്ള ടീം കഷ്ടപ്പെട്ടാണ് ഒരാള്‍ക്കും പരാതയില്ലാതെ അനര്‍ഹരായ ആരെയും വെക്കാതെ, പുനസംഘടന പൂര്‍ത്തീകരിക്കാനും, ഗ്രൂപ്പില്ലാതെ നയിക്കാന്‍ സാധിച്ചുവെന്നും കെ.പി അനില്‍കുമാര്‍ പറഞ്ഞു.

Tags: