നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല

Glint desk
Thu, 25-02-2021 12:50:34 PM ;

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. വിചാരണക്കോടതിയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിയത്. ദിലീപ് സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. കേസിലെ മാപ്പുസാക്ഷികളില്‍ ഒരാളായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പത്തനാപുരം എം.എല്‍.എ കെ.ബി.ഗണേഷ്‌കുമാറിന്റെ ഓഫിസ് സെക്രട്ടറി പ്രദീപ്കുമാര്‍ കോട്ടാത്തലയെ കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിലീപിനു വേണ്ടിയാണു വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയതെന്നാണു പ്രോസിക്യൂഷന്റെ വാദം.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മൊഴിമാറ്റാന്‍ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികള്‍ ഒക്ടോബറില്‍ മാത്രമാണ് പരാതിപ്പെട്ടതെന്നും ഇത് സംശയാസ്പദമാണെന്നായിരുന്നു ദിലീപിന്റെ വാദം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതി ക്രൈം ബ്രാഞ്ച് അന്വേഷിച്ചിട്ടും തനിക്കെതിരെ തെളിവുകള്‍ ലഭിച്ചില്ലെന്നും ഈ സാഹചര്യത്തില്‍ ഹര്‍ജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. കേസിലെ സാക്ഷികളായിരുന്ന നടി ഭാമ, നടന്‍ സിദ്ദിഖ് തുടങ്ങിയവര്‍ മൊഴി മാറ്റിയിരുന്നു.

Tags: