അമേരിക്കയിലെ മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നു വയസുകാരി ഷെറിന് മാത്യൂസ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വളര്ത്തച്ഛന് വെസ്ലി മാത്യൂസിനെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി. ഡാലസ് കൗണ്ടിയിലെ ഗ്രാന്‍ഡ് ജൂറിയാണ് ഷെറിന്റെ വളര്‍ത്തുമാതാപിതാക്കള്‍ക്കെതിരെ പ്രോസിക്യൂഷന് സമര്‍പ്പിച്ച കുറ്റപത്രം ശരിവച്ചത്. വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍, കുട്ടിയെ ഉപദ്രവിച്ച് പരിക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കുറ്റം തെളിഞ്ഞാല്‍ പരോളില്ലാത്ത ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ വെസ്ലിക്ക് ലഭിക്കാം.
ഷെറിനെ ഉപേക്ഷിച്ചതിനും അപകടത്തിലാക്കിയതിനുമാണ് വെസ്ലിയുടെ ഭാര്യ സിനി മാത്യൂസിനെതിരെ കേസെടുത്തിരിക്കുന്നത്. രണ്ട് മുതല്‍ ഇരുപത് വര്‍ഷം വരെ തടവ് ശിക്ഷ സിനിക്ക് ലഭിച്ചേക്കാം. വസ്ലിക്കും സിനിക്കും പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് വടക്കന്‍ ടെക്സാസിലെ വീട്ടില്‍ നിന്നും ഷെറിനെ കാണാതായത്. ഒക്ടോബര്‍ 22ന് വീടിന് സമീപത്തെ കലുങ്കിനടിയില്‍ നിന്ന് ഷെറിന്റെ മൃതദേഹം കണ്ടെത്തി.
പാലുകുടിക്കാത്തതിന് വീടിന് വെളിയില്‍ നിര്‍ത്തിയ കുട്ടിയെ കാണാതായെന്നാണ് ഇയാള്‍ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ പിന്നീട്്, നിര്‍ബന്ധിച്ച് പാലുകുടിപ്പിച്ചപ്പോള്‍ കുട്ടിക്ക് ശ്വാസതടസ്സം നേരിടുകയും മരിച്ചെന്ന് കരുതി ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് വെസ്ലി മൊഴിമാറ്റി.