നടി കങ്കണ റണാവത്തിനെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ച് യു.പി സര്‍ക്കാര്‍. ഒരു ജില്ല ഒരു ഉത്പന്നം എന്ന പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡറായാണ് കങ്കണയെ നിയമിച്ചത്. പരമ്പരാഗത ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ പദ്ധതി യു.പി സര്‍ക്കാര്‍ അവതരിപ്പിച്ചത്. 75 ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പുതിയ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുന്നതിന് മുന്‍പ് കങ്കണ മുഖ്യമന്ത്രി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ വര്‍ഷം രാം മന്ദിരത്തിന്റെ ഭൂമി പൂജയ്ക്ക് ഉപയോഗിച്ച വെള്ളി നാണയം ആദിത്യനാഥ് കങ്കണയ്ക്ക് സമ്മാനിച്ചു.
മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വീഡിയോയും ചിത്രങ്ങളും കങ്കണ സമൂഹ മാധ്യമങ്ങളില്‍ കങ്കണ പങ്കുവെച്ചിട്ടുണ്ട്. രാമനെപ്പോലെ തപസ്വിയായ രാജാവാണ് ഉത്തര്‍പ്രദേശ് ഇപ്പോള്‍ ഭരിക്കുന്നതെന്നും ആ ഭരണം തുടരട്ടേയെന്നും കങ്കണ എഴുതി.
''ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയതില്‍ അതിയായ സന്തോഷമുണ്ട്. പ്രചോദനം നല്‍കുന്ന, ഊര്‍ജ്ജസ്വലനായ, ആത്മാര്‍ത്ഥതയുള്ള നേതാവാണ് അദ്ദേഹം. രാജ്യത്തെ ജനപ്രിയ നേതാക്കളില്‍ ഒരാളുമായി സംസാരിക്കാന്‍ കഴിഞ്ഞത് അംഗീകാരമായി കാണുന്നു,'' കങ്കണ പറഞ്ഞു.