അറിയുമ്പോള്‍ തന്നെ വളരെ അസ്വസ്ഥജനകമായ വാര്‍ത്തയാണ് ഉത്തര്‍പ്രദേശില്‍ ഒരു സ്ത്രീക്ക് കഴുമരം ഒരുങ്ങുന്നു എന്നുള്ളത്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായിട്ടാണ് ഒരു സ്ത്രീയെ വധശിക്ഷയ്ക്ക് വിധേയയാക്കാന്‍ പോകുന്നത്. ഇന്ത്യയില്‍ സ്ത്രീകളെ തൂക്കിലേറ്റുന്നതിനുള്ള ഏക കേന്ദ്രം എന്ന് പറയുന്നത് ഉത്തര്‍പ്രദേശിലെ മഥുരയിലെ ജയിലിലാണ്. 150 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒരു സ്ത്രീയെ ആദ്യമായും അവസാനമായും തൂക്കിക്കൊന്നത്. ഇവിടെ മരണവാറണ്ട് കാത്തുകിടക്കുന്നത് ഷബ്‌നം എന്ന സ്ത്രീയാണ്.
2008ല്‍ നടന്ന അംറോഹ കൂട്ടക്കൊലക്കേസിലെ പ്രതിയാണ് ഷബ്‌നം. കാമുകനുമായുള്ള ബന്ധത്തെ എതിര്‍ക്കുമെന്ന് ഭയന്ന് മാതാപിതാക്കളും സഹോദരങ്ങളും ഉള്‍പ്പെടെ ഏഴ് പേരെ ഷബ്‌നം കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു എന്നുള്ളതാണ് കേസ്. ഷബ്‌നം ഏര്‍പ്പെട്ട കുറ്റകൃത്യം അങ്ങേയറ്റം ഹീനവും മനുഷ്യത്വരഹിതവുമാണ്. അത് നിലനില്‍ക്കുമ്പോള്‍ തന്നെ ഇന്ത്യയില്‍ ഒരു സ്ത്രീയെ തൂക്കിലേറ്റുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഇന്ത്യന്‍ മനഃസാക്ഷിയുടെ പവിത്രമായ തലം പ്രകമ്പനം കൊള്ളുന്ന അനുഭവമാണ് ഉണ്ടാകുന്നത്.
വധശിക്ഷ തന്നെ ആധുനികസമൂഹത്തിന് യോചിച്ച ശിക്ഷാവിധി അല്ല. അത് സമൂഹത്തിന് എതിരെയുള്ള ആഘാതമാണ്. വധശിക്ഷക്കൊണ്ട് കുറ്റവാളി യഥാര്‍ത്ഥത്തില്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നുള്ളതാണ് ഏറ്റവും വലിയ യാഥാര്‍ത്ഥ്യം. അതേസമയം സമൂഹത്തില്‍ വലിയ ആഘാതം സൃഷ്ടിക്കുകയും ചെയ്യുന്നു. പരിഷ്‌കൃത സമൂഹം വധശിക്ഷ എന്ന അപരിഷ്‌കൃതമായ നടപടിയില്‍ നിന്ന് പിന്‍വാങ്ങി നില്‍ക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഇത്തരം കുറ്റവാസനയുള്ളവര്‍ പുറത്തിറങ്ങുന്നതും ശരിയല്ല. അതിനാല്‍ ജീവിതകാലം മുഴുവന്‍ അനുഭവിക്കുന്ന ജീവപര്യന്ത തടവോ അതുപോലുള്ള മറ്റ് ശിക്ഷാവിധികളോ സ്വീകരിക്കേണ്ടതാണ്. വധശിക്ഷ തന്നെ മനുഷ്യത്വരഹിതമായി മാറുന്നിടത്ത് ഒരു സ്ത്രീയെ തൂക്കിലേറ്റുക എന്ന് പറയുന്നത് ഒരു ജനതയുടെ തന്നെ മാനസിക ആഘാതമായി മാറുന്നു.