മികച്ച സംസ്ഥാനങ്ങളുടെ പബ്ലിക് അഫയേഴ്സ് പട്ടിക പുറത്ത് വന്നതിന് പിന്നാലെ കേരളത്തെ അഭിനന്ദിച്ചും ഉത്തര്‍പ്രദേശിനെ പരിഹസിച്ചും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. 'കേരളത്തില്‍ മികച്ച ഭരണം, ഉത്തര്‍പ്രദേശ് ഏറ്റവും മോശം, രാമരാജ്യം vs യമരാജ്യം' എന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചത്.
പബ്ലിക് അഫയേഴ്സ് സെന്റര്‍ തയ്യാറാക്കിയ പട്ടികയില്‍ കേരളം ഒന്നാം സ്ഥാനത്തും ഉത്തര്‍പ്രദേശ് അവസാന സ്ഥാനത്തുമാണ്. ഇത് സംബന്ധിച്ച വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ കുറിപ്പ്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ ഇത് നാലാം തവണയാണ് കേരളം തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തെത്തുന്നത്. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗോവയാണ് ഒന്നാം സ്ഥാനത്ത്. സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങള്‍ പരിഗണിച്ചാണ് മികച്ച ഭരണമുള്ള സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കിയത്.
കേരളത്തിനൊപ്പം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവയാണ് വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍. ഉത്തര്‍പ്രദേശ്, ഒഡീഷ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ പട്ടികയില്‍ ഏറ്റവും അവസാനമാണ്. മേഘാലയ, ഹിമാചല്‍ പ്രദേശ് എന്നിവ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മൂന്നും നാലും സ്ഥാനം നേടി.