കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാരുകള്‍ക്ക് 15 ദിവസം അനുവദിച്ച് സുപ്രീംകോടതി

Glint desk
Fri, 05-06-2020 04:27:48 PM ;

ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ സ്വദേശങ്ങളിലേക്ക് എത്തിക്കുന്നതിന് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും 15 ദിവസം നല്‍കി സുപ്രീംകോടതി. കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ സംബന്ധിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്.കെ കൗള്‍ എന്നിവരുടെ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് ട്രെയിന്‍, ബസ് ചാര്‍ജുകള്‍ ഈടാക്കരുതെന്നും ഭക്ഷണവും മറ്റ് സൗകര്യങ്ങളും അധികൃതര്‍ ഉറപ്പാക്കണമെന്നും മെയ് 28ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

കുടിയേറ്റ തൊഴിലാളികളുടെ യാത്രക്കായി ജൂണ്‍ 3 വരെ 4200 ശ്രമിക് ട്രെയിനുകള്‍ ഓടിയിരുന്നതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയെ അറിയിച്ചു. ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികളെ അവരുടെ ജന്മദേശങ്ങളില്‍ എത്തിച്ചിട്ടുണ്ടെന്നും ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കുമാണ് ഏറ്റവും കൂടുതല്‍ ശ്രമിക് ട്രെയിനുകള്‍ ഓടിയതെന്നും മെഹ്ത പറഞ്ഞു. എത്ര തൊഴിലാളികളെ ഇനിയും നാടുകളിലേക്ക് എത്തിക്കാനുണ്ടെന്നും ഇതിനായി എത്ര ട്രെയിനുകള്‍ ആവശ്യം വരുമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്കെ പറയാന്‍ കഴിയൂ എന്നും മെഹ്ത കോടതിയോട് പറഞ്ഞു.

 

Tags: