കേരളത്തിലെ മാധ്യമങ്ങളുടെ ജുഗുപ്സാവഹ മനോരോഗം

രാജ്യം പഹൽഗം ഭീകരാക്രമണത്തിൽ നിന്ന് മോചിതമാകുന്നതിന് മുന്നേ കേരളത്തിലെ ചില മാധ്യമങ്ങൾ മതേതരത്വം ഉദ്ഘോഷിക്കാൻ ശ്രമിക്കുന്നതിനെ ജുഗുപ്സാവഹം എന്നേ പറയാനാകൂ. ഈ മാധ്യമങ്ങളെ അഥവാ ചാനലുകളെ നയിക്കുന്നവരിൽ രൂഢമൂലമായിട്ടുള്ള തങ്ങളുടെ മതബോധമാണ് അവരെ ഈ വൈകൃതത്തിന് പ്രേരിപ്പിക്കുന്നത്. ചില മാധ്യമ പ്രവർത്തകർക്ക് തങ്ങൾ സെക്യൂലർ ആണെന്ന് മറ്റുള്ളവരെ ധരിപ്പിച്ച് ഇമേജ് കൂട്ടാനുള്ള ശ്രമം.
കാശ്മീരിൽ വിനോദസഞ്ചാരികളെ ഭീകരവാദികളിൽ നിന്നും രക്ഷിക്കാൻ തുനിഞ്ഞ സെയ്ദ് അലി ഷാ കൊല്ലപ്പെട്ടതും , മരിച്ച മലയാളി രാമചന്ദ്രൻ്റെ മകളുടെ അനുഭവ വിവരണവും ഉയർത്തിക്കാട്ടിയാണ് ഈ വൈകൃത പ്രചരണത്തിൽ മാധ്യമപ്രവർത്തകർ ഏർപ്പെടുന്നത്. സെയ്ദ് അലി ഷായും രാമചന്ദ്രൻ്റെ മകളെ പെങ്ങളെപ്പോലെ കരുതിയ മുസാഫിറും അമീറും . ഇവർ പ്രകടമാക്കിയത് മതേതരത്വമല്ല. മറിച്ച് മനുഷ്യത്വമാണ്. മനുഷ്യത്വം പ്രകടമാകുമ്പോൾ അതു കാണാതെ അവരുടെ മതത്തിലേക്ക് നോക്കി തങ്ങളുടെ പരിമിതി പ്രകടമാകുകയാണ് ഈ മാധ്യമപ്രവർത്തകർ. പഹൽഗാമിൽ 26 നിരപരാധികളുടെ ജീവനെടുത്തത് മതലമല്ല. ഭീകരവാദമാണ്.
ആ ഭീകരവാദത്തിനെതിരെ കാശ്മീരി ജനത ഒന്നായി ഉണർന്ന കാഴ്ച ഈ മതത്തെ തിരയുന്നതിനിടയിൽ മാധ്യമപ്രവർത്തകർക്ക് കാണാൻ കഴിയുന്നില്ല. ഈ മനോരോഗസമാനമായ മതേതരത്വ പരിപോഷിപ്പിക്കൽ മാധ്യമ പ്രവർത്തനമാണ് മതവിദ്വേഷം ഇത്രമേൽ കേരളത്തിലുൾപ്പടെ വർധിപ്പിക്കുന്നത്. തെരുവിലിറങ്ങിയ കാശ്മീർ ജനതയും അവിടുത്തെ മുസ്ലീം പള്ളികളിലൂടെ ഉച്ചഭാഷിണിയിൽ പാകിസ്ഥാനെ പരസ്യമായി അപലപിക്കുകയും ചെയ്തത് കാശ്മീർ ജനതയുടെ മനുഷ്യരായി ജീവിക്കാനുള്ള ത്വരയുടെ പ്രകടനം കൂടിയാണ്. ഈ മതേതര പരിപോഷിപ്പിക്കൽ തിടുക്കത്തിൽ ഇതൊക്കെ കാണാതെ പോകുന്നു.