ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കുപ്രസിദ്ധ ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ നൂര്‍ മുഹമ്മദിനെ വധിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു ഏറ്റുമുട്ടല്‍. നൂര്‍ മുഹമ്മദിനൊപ്പം ഒരു ഭീകരന്‍ കൂടി ഉണ്ടായിരുന്നു എന്നാണ് സൂചന. ഇയാള്‍ക്കായി സൈന്യവും പോലീസും തിരച്ചില്‍ തുടരുകയാണ്.
പുല്‍വാമയിലെ സംപൂര ഗ്രാമത്തില്‍ രണ്ടു ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. തിങ്കളാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
നൂര്‍ മുഹമ്മദ് ഇന്ത്യന്‍ സേനയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ മുന്‍നിരയിലുണ്ടായിരുന്നയാളാണ്. ഫിദായിന്‍ ബിഎസ്എഫ് ക്യാമ്പ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു നൂര്‍ മുഹമ്മദ്.
സമീപകാലത്ത് കാശ്മീരില്‍ നടന്ന പല ഭീകരാക്രമണങ്ങള്‍ക്കും നേതൃത്വം നല്‍കിയത് നൂര്‍ ആണെന്ന് തെളിഞ്ഞിരുന്നു. 2003ല്‍ പിടിയിലായ ഇയാള്‍ക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തിഹാര്‍ ജയിലിലായിരുന്ന നൂറിനെ ശ്രീനഗറിലെ ജയിലിലേക്കു മാറ്റിയിരുന്നു. തുടര്‍ന്ന് 2015 ല്‍ പരോളിലിറങ്ങി മുങ്ങുകയായിരുന്നു ഇയാള്‍.