താരവിവാഹത്തിലെ മാദ്ധ്യമവും മലയാളിയും

Glint Staff
Tue, 26-08-2014 11:51:00 AM ;

nazriya and fahad wedding

 

അതിഥി ദേവോ ഭവ. അതിന്റെ അർഥമറിഞ്ഞ് അതിഥികളെ സ്വീകരിക്കണമെന്നു വെച്ചാൽ ചിലപ്പോൾ ബുദ്ധിമുട്ടും. അത് ഈ നാടിന്റെ സംസ്കാരത്തിന്റെ ലക്ഷണപ്പട്ടികയിലേക്ക് ഒതുക്കാം. പലതിന്റേയും ലക്ഷണപ്പട്ടികയിലുള്ളത് നടപ്പിലാക്കുക പ്രായോഗികമല്ല എന്നു പറഞ്ഞാണ് പ്രായോഗികത ഇപ്പോൾ പ്രയോഗിക്കപ്പെടുന്നത്. അവിടെ ആകെ സംരക്ഷിക്കപ്പെടുന്നത് പ്രയോഗിക്കുന്നയാളുടെ അറിവില്ലായ്മയിൽ അയാൾ മനസ്സിലാക്കുന്ന അയാളുടെ സൗകര്യം മാത്രം. ആതിഥേയരാണ് അതിഥിയെ സ്വീകരിക്കേണ്ടത്. ആതിഥേയർ ആട്ടിപ്പുറത്താക്കുകയും കവാടത്തിൽ വച്ച് നെഞ്ചത്ത് പിടിച്ച് തള്ളുകയും ചെയ്താലും അതിഥിക്ക് ആതിഥേയന്റെ സ്വീകരണം കിട്ടിയേ പറ്റൂ എന്നു വാശിപിടിക്കുന്നത് ചെകുത്താനെപ്പോലും ലജ്ജിപ്പിച്ചുകളയും. ഏതാണ്ട് സമാനമായ അവസ്ഥയാണ് നസ്രിയ-ഫഹദ് ഫാസിൽ ദമ്പതികളുടെ ആലപ്പുഴയിൽ നടന്ന സ്വീകരണ മാമാങ്കത്തില്‍ കണ്ടത്. അനന്തപുരിയിൽ വിവാഹം നന്നേ ആഘോഷിച്ചതിനു ശേഷമാണ് ആലപ്പുഴയിലെ സ്വീകരണം നടന്നത്. മലയാളത്തിലെ രണ്ട് യുവതാരങ്ങളുടെ വിവാഹം ആർഭാടത്തോടെ നടക്കുന്നത് കാണാൻ കൗതുകം ഉണ്ടാകുന്നത് മനസ്സിലാക്കാം. എന്നാൽ മലയാളിയുടെ മനോരോഗം പ്രകടമാകുന്ന വിധമായിപ്പോകുന്നു കാര്യങ്ങളുടെ പോക്ക്.

 

ആലപ്പുഴയിൽ ആഗസ്ത് 24ന് നടന്ന സ്വീകരണം നിയന്ത്രിച്ചത് കൊച്ചിയിലുള്ള ഇവന്റ് മാനേജ്‌മെന്റ് ടീമാണ്. അവരാണ് കവാടങ്ങൾ നിയന്ത്രിച്ചത്. അവർ ഓർമ്മിപ്പിച്ചത് കരിമ്പൂച്ചകളെ. ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്നറിയുന്നു, 250-ലേറെ പോലീസുകാരെ അന്നത്തെ ദിവസം സ്വീകരണം നടന്ന വിജയാ കാമിലോട്ടിന്റെ മുന്നിലുള്ള നിരത്തിൽ വിന്യസിച്ചു. അവർക്കും നോക്കുകുത്തികളെപ്പോലെ നിൽക്കാനേ കഴിഞ്ഞുള്ളു. കാരണം കരിമ്പൂച്ചകളാണ് കാര്യങ്ങൾ നിയന്ത്രിച്ചത്. സി.പി.ഐ.എം. നേതാവും എം.എൽ.എയുമായ സുരേഷ്‌ കുറുപ്പിനെയുൾപ്പടെയുളളവരെ കവാടത്തിൽ നിന്ന കരിമ്പൂച്ചകൾ ക്ഷണക്കത്തില്ലാത്തതിന്റെ പേരിൽ കയറാൻ അനുവദിച്ചില്ലെന്നു മാത്രമല്ല, ഏതാണ്ട് അപമര്യാദയ്ക്ക് സമാനമായ രീതിയിൽ അദ്ദേഹത്തോട് പെരുമാറുകയും ചെയ്തു. ഒട്ടനവധി പ്രശസ്തർക്കും സാമൂഹികപ്രവർത്തകർക്കും ഇതേ അനുഭവമുണ്ടായി. സിനിമാരംഗത്തെ ചില പ്രമുഖ നിർമ്മാതക്കൾ പോലും വന്നപ്പോൾ അവർക്ക് ആദ്യം കവാടക്കരിമ്പൂച്ചകളുടെ കടമ്പ നേരിടേണ്ടി വന്നു.

nazriya and fahad wedding

 

മാധ്യമപ്രവർത്തനത്തിന്റെ അന്തസ് നഷ്ടപ്പെട്ടതിന്റെ മകുടോദഹരണമായി ഈ പ്രവണതയേയും മാറ്റങ്ങളേയും കാണാവുന്നതാണ്. കേരളത്തിൽ വേരുറച്ച് തഴച്ചു വളർന്ന പൈങ്കിളി മാധ്യമപ്രവർത്തനത്തിന്റെ പാരമ്യതയാണ് ഇതിലൂടെയൊക്കെ വ്യക്തമാകുന്നത്. പൈങ്കിളി മാധ്യമപ്രവർത്തനം നടത്തുന്നവർക്ക് ആത്മാഭിമാനം കുറയും. അതവർ പോലും അറിയില്ല. എന്തും കുറഞ്ഞുതുടങ്ങിയാൽ അത് കുറഞ്ഞുകൊണ്ടേയിരിക്കും. അങ്ങനെ കുറഞ്ഞ് കുറഞ്ഞ് ഇല്ലാതാകും. ആ അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ എത്തിനിൽക്കുന്നത്. അതിന്റെ ഉദാഹരണമാണ് ഒന്നകത്തു കടത്തിവിടുമോ എന്ന് കവാടക്കരിമ്പൂച്ചകളോടും ഫഹദിന്റെ പിതാവ് ഫാസിലിനോട് അടുപ്പമുള്ളവരോടും കെഞ്ചിക്കേണുകൊണ്ട് മാധ്യമപ്രവർത്തകർ വിജയാ കാമിലോട്ടിന്റെ മുന്നിൽ യാചകരെപ്പോലെ കാത്തുകെട്ടിക്കിടന്നത്. ഇതിനിടെ മലയാളത്തിലെ ഒരു പ്രമുഖ ചാനലിന്റെ തലപ്പത്തുനിന്ന് ആലപ്പുഴയിലുള്ള സംഘത്തിന് നിർദ്ദേശം വന്നു. ഉടൻ ലൈവ് കൊടുത്തേ പറ്റൂ, ഒരു ന്യായവും തങ്ങൾക്ക് കേൾക്കേണ്ട എന്നാണ് മുകളിൽ നിന്നുള്ള ഉത്തരവ്. ആ സംഘത്തിലെ റിപ്പോർട്ടറും കൂട്ടരും കാട്ടിയ ബദ്ധപ്പാടു കണ്ടാൽ സഹതാപത്തിനും അപ്പുറത്തുള്ള വികാരത്തിലേക്ക് കാണികളെ കൊണ്ടുപോകുന്നതായിരുന്നു. ആ ചാനൽ സംഘമുൾപ്പടെ മിക്കവരും എല്ലാവരും തന്നെ പുറത്ത് കാത്തുകെട്ടിക്കിടപ്പുണ്ടായിരുന്നു. ചാനൽ മേധാവികൾക്ക് ഗസ്റ്റ് പാസ്സ് അഥവാ ക്ഷണക്കത്ത് നൽകിയിരുന്നതിനാൽ പ്രമുഖ ചാനൽ മേധാവികൾ പ്രശ്നമില്ലാതെ അകത്തുകടന്നു. അവരുടെ അഭിമാനം കൂടിയാണ് പുറത്ത് തങ്ങളുടെ മാധ്യമത്തിലെ പ്രവർത്തകരിലൂടെ നഷ്ടപ്പെടുന്നതെന്ന് അവർക്ക് ബോധ്യം വരുന്നില്ല. അതുതന്നെയാണ് ആതിഥേയർ സർവ്വാണിസദ്യയ്ക്കുപോലും മാധ്യമപ്രവർത്തകരെ അകത്തുകടത്താത്തത്. നാല് മാധ്യമങ്ങളിലെ മുൻകൂട്ടി നിശ്ചയിച്ചവരെ മാത്രമേ അകത്തു കടത്തിയിരുന്നുള്ളു. ഏതാനും മാധ്യമപ്രവർത്തകർ കവാടക്കരിമ്പൂച്ചകൾ ചില അതിഥികളെ ചോദ്യം ചെയ്യുകയും തടയുകയും ചെയ്യുന്നതിനിടയിൽ അവരറിയാതെ നൂഴ്ന്നു കയറുകയും ചെയ്തു.

 

ഇത്രയും നിന്ദയും അപമാനവും മാധ്യമപ്രവർത്തകർ അനുഭവിക്കാൻ ഒരുതരത്തിൽ ബാധ്യസ്ഥരാണ്. കാരണം പവിത്രവും ബഹുമാന്യവുമായ ഒരു കർമ്മത്തെ അവർ സ്വയം അശുദ്ധമാക്കി അഴുക്കിയതിന്റെ പ്രതിഫലം. നസ്രിയയുടേയും ഫഹദിന്റേയും പ്രണയവിവാഹമല്ല, വീട്ടുകാർ തന്നെ ആലോചിച്ചുറപ്പിച്ചതാണെന്ന് പ്രഖ്യാപിച്ച അതേ മാധ്യമങ്ങൾ തന്നെയാണ് ബാംഗ്ലൂർ ഡേയ്‌സിന്റെ സെറ്റിൽ മൊട്ടിട്ട പ്രണയം യാഥാർഥ്യമായെന്ന് ഇവരുടെ വിവാഹം റിപ്പോർട്ട് ചെയ്തപ്പോൾ തുടക്കവാചകമെഴുതിയത്. പ്രണയത്തിലൂടെയല്ല അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചതെങ്കിലും മാധ്യമങ്ങൾക്ക് അവരെ പ്രണയിപ്പിച്ചേ മതിയാകൂ. പ്രണയം എന്നു പറയുന്നതിന്റെ അർഥവും സൗന്ദര്യവും അറിയാതെ ആ വാക്കുച്ചരിക്കുകയും തങ്ങൾ മനസ്സിലാക്കുന്ന വിധം പ്രയോഗിക്കുന്നതിന്റേയും ഫലമാണത്. താൻ ചെയ്യുന്ന തൊഴിലിനോട് ഒരു ചെറുപ്രണയം പോലും ഇല്ലാതെ വരുന്നതിന്റെ അപകടമാണത്. അവിടെയാണ് പൈങ്കിളി സംഭവിക്കുന്നത്. വെറും ശരീരങ്ങൾ ലൈംഗികാസക്തിയോടെ അടുത്തു പെരുമാറുമ്പോൾ പ്രകടമാകുന്ന ചേഷ്ടകളാണ് പ്രണയമെന്ന് മനസ്സിലാക്കപ്പെട്ടിട്ടുള്ളതുപോലെ തോന്നുന്നു. അത് മൃഗങ്ങളിലും കാണാം. അതിനെ ഉദാത്തവത്കരിക്കുകയും സാധനമാക്കി വിപണനം ചെയ്യുന്നതിനേയുമാണ് പൈങ്കിളി എന്നു പറയുന്നത്. മൃഗങ്ങളിൽ ഈ ചേഷ്ടകൾക്ക് ബന്ധം പ്രശ്നമല്ല. എന്നാൽ മനുഷ്യസമുദായത്തിൽ ഇപ്പോഴും അത് പ്രശ്നമാണ്. ഈ പൈങ്കിളിയുടെ ആധിക്യം വർധിച്ച് മൃഗതലത്തിലേക്ക് വൈകാരികതകളെ എത്തിച്ചതിനാലാണ് ഇതേ മാധ്യമങ്ങൾ തന്നെ അഗമ്യഗമനങ്ങളുടെ വാർത്തകൾ അവതരിപ്പിച്ച് സാധാരണ പ്രേക്ഷകരെ ദിനംപ്രതി അസ്വസ്ഥരാക്കുന്നത്. മൃഗങ്ങളിൽ അത്തരം പൈങ്കിളി പ്രകൃതി നിശ്ചയിച്ചിട്ടുള്ളതാണ്. കാരണം അവർക്ക് സ്വയം നിശ്ചയിക്കാനുള്ള കഴിവില്ല. അത് മനുഷ്യനു മാത്രമാണ്. ആ മനുഷ്യ തലത്തിലേക്ക് താൻ ഉയരുന്നില്ല എന്ന ബോധം ഉണ്ടാകുമ്പോഴാണ് മനുഷ്യന് സ്വയം ബഹുമാനം തോന്നാത്തത്. അത് നേരിട്ട് ഓരോ മാധ്യമപ്രവർത്തകനും അറിഞ്ഞില്ലെങ്കിലും അവർ അനുഭവിക്കുന്നുണ്ടാകും. ചിലരിൽ ഈ അപമാനബോധം അപകർഷതാബോധത്തെ സൃഷ്ടിക്കും. മറ്റ് ചിലരിൽ അസഹനീയത. അതുകൊണ്ട് അതിൽ നിന്നു മുക്തിനേടാൻ ചിലർ മദ്യത്തിൽ അഭയം തേടുന്നു. സ്വയം ബഹുമാനമില്ലാത്തതാണ് മദ്യപാനത്തിലേക്കും ലഹരിമരുന്നിലേക്കും ഒരു വ്യക്തി നീങ്ങുന്നതിന്റെ ആദ്യത്തേയും അവസാനത്തേയും കാരണം. നമ്മുടെ സമൂഹത്തിന്റെ മൊത്തത്തിലുള്ള സ്വയം ബഹുമാനമില്ലായ്മയുടെ ഉദാഹരണമാണ് ഇത്തരത്തിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചും സംസ്ഥാന പോലീസിനെ നോക്കുകുത്തിയാക്കിയും ആരെയും ബഹുമാനിക്കാനല്ലാതെ ഒരുക്കിയ സ്വീകരണം. മാധ്യമപ്രവർത്തനത്തിന്റെ മാത്രമല്ല, മലയാളിയുടെ തകർന്നപോയ സ്വയം ബഹുമാനത്തിന്റെ പ്രകടിതരൂപമാണ് വിജയാ കാമിലോട്ടിന്റെ മുന്നിൽ യാചകമുഖഭാവവുമായി സർവ്വാണിസദ്യയ്ക്കുപോലും വിളിക്കില്ലെന്ന അറിവോടെ കാത്തുകിടന്ന മാധ്യമ സംഘം.

 

താരദമ്പതികളായ നസ്രിയയ്ക്കും ഫഹദിനും ആശംസകൾ നേരാം. എന്തായിരുന്നു അവരുടെ സ്വീകരണത്തിൽ ലൈവായിട്ടോ അല്ലാതെയോ കൊടുക്കേണ്ട വാർത്ത. എന്തിനാണ് ഫാസിൽ സ്വീകരണം എന്ന ചടങ്ങ് സംഘടിപ്പിച്ചത്. അതിന്റെ ഉദ്ദേശ്യം എന്തായിരുന്നു. ഇത്തരം ചോദ്യങ്ങൾ ഉത്തരം കിട്ടാനല്ലെങ്കിലും സ്വയം നാം ചോദിക്കുന്നത് നന്നായിരിക്കും. കാരണം ചോദ്യം കൂടി ചോദിക്കുന്നില്ലെങ്കിൽ നാം പൈങ്കിളിയിൽ മുങ്ങി മൃഗങ്ങൾക്കുപോലും ലജ്ജ വരുത്തിവയ്ക്കും.

Tags: