സ്വയംഭരണ കോളേജുകള്‍ ആരംഭിക്കാന്‍ കേരളത്തിലെ അക്കാദമിക രംഗം പാകമായിട്ടുണ്ടോ?

Glint desk
Wed, 17-02-2021 06:03:53 PM ;

വളരെ ഉദാത്തമായ ഒരു കാഴ്ചപ്പാടില്‍ നിന്നാണ് യു.ജി.സി സ്വയംഭരണ കോളേജുകള്‍ വിഭാവനം ചെയ്തിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജും ചുറ്റുപാടുമായി ബന്ധപ്പെട്ടുകൊണ്ട് സാമൂഹികമായി ഉള്ള ഒരു വികാസത്തെ ലക്ഷ്യം വെച്ചുകൊണ്ടാണ് സ്വയംഭരണ കോളേജുകളെ വിഭാവനം ചെയ്തിട്ടുള്ളത്. പാഠ്യപദ്ധതിയില്‍ പോലും പ്രാദേശികമായി അവര്‍ ഏത് വിഷയങ്ങള്‍ പഠിക്കണം എന്ന് നിശ്ചയിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന ഒരു സംവിധാനമാണ് സ്വയംഭരണ കോളേജ്. ഉദാഹരണത്തിന് ഒരു പ്രദേശത്ത് നിലനില്‍ക്കുന്ന തൊഴില്‍ സംബന്ധമായിട്ടുള്ള ശാസ്ത്രീയജ്ഞാനം അവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു കൊടുക്കുന്നതിന് അനുയുക്തമായ സിലബസ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് സ്വയംഭരണ കോളേജ് സംവിധാനം ഇടം നല്‍കുന്നുണ്ട്. ഇത് ഓരോ രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ ശാസ്ത്രീയമായി വികസിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഭൂമിശാസ്ത്രപരമായ വ്യത്യസ്തതകളെ പരിപോഷിപ്പിക്കുന്നതിനും അതിലൂടെ ജനജീവിതം മികച്ച രീതിയിലാക്കുക എന്നുമുള്ള വിശാലമായ ദര്‍ശനമാണ്  സ്വയംഭരണ കോളേജിന്റെ പിന്നിലുള്ളത്. എന്നാല്‍ കേരളത്തില്‍ അത്തരം സ്വയംഭരണ കോളേജുകള്‍ തുടങ്ങാന്‍ അക്കാദമിക രംഗം പാകമായിട്ടുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്. 

കേരളത്തിന്റെ അക്കാദമികശേഷി ഏറ്റവും മോശമായ കാലാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. യൂണിവേഴ്‌സിറ്റികളില്‍ വൈസ്ചാന്‍സിലറിനെ നിയമിക്കുന്നതാണെങ്കിലും അധ്യാപക നിയമനത്തിലാണെങ്കിലും കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിത താല്‍പ്പര്യങ്ങളാണ് കടന്നുവരുന്നത്. ഇത്തരം ഒരു സാഹചര്യത്തില്‍ കോളേജുകള്‍ക്ക് സ്വയംഭരണം നല്‍കി കഴിഞ്ഞാല്‍ സ്വാഭാവികമായിട്ടും ഈ പ്രവണതയുടെ മൂര്‍ധന്യാവസ്ഥ ഇത്തരം കോളേജുകളില്‍ സംഭവിക്കും. മാത്രവുമല്ല കോളേജ് മാനേജ്‌മെന്റുകളില്‍ അപ്രമാഥിത്വവും ഉണ്ടാകും. അതിലൂടെ വിദ്യാര്‍ത്ഥികളെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ കോളേജുകള്‍ക്ക് കഴിയും. കാരണം നേരിട്ടുള്ള അവലോകനങ്ങള്‍ സ്വയംഭരണ കോളേജ് വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമാവും. അതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഷേധിക്കാനോ വിരുദ്ധാഭിപ്രായങ്ങള്‍ രേഖപ്പെടുത്താനോ ഉള്ള അവസരങ്ങള്‍ ഉണ്ടാവുകയുമില്ല. ഏതെങ്കിലും വിദ്യാര്‍ത്ഥി അത്തരം സമീപനം സ്വീകരിച്ചാല്‍ ആ വിദ്യാര്‍ത്ഥിയുടെ അക്കാദമിക് യോഗ്യതയെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള നടപടികള്‍ മാനേജ്‌മെന്റിന് കൈക്കൊള്ളാന്‍ സാധിക്കും. 

ഇത് ഇപ്പോള്‍ നിലനില്‍ക്കുന്ന ഇന്റേണല്‍ അസെസ്‌മെന്റ് എന്നുള്ള പ്രക്രിയയില്‍ വളരെ വ്യക്തമായി കാണാന്‍ സാധിക്കും. ഇഷ്ടമുള്ളവര്‍ക്ക് കൂടുതല്‍ മാര്‍ക്കും ഇഷ്ടമില്ലാത്തവര്‍ക്ക് കുറവ് മാര്‍ക്കും നല്‍കുന്ന പ്രതിഭാസം ഇന്റേണല്‍ അസെസ്‌മെന്റില്‍ പ്രകടമാണ്. ഇത്തരമൊരു സംരംഭം കേരളത്തില്‍ തുടങ്ങുമ്പോള്‍ ഇത്തരം ദുഷ്പ്രവണതകള്‍ കടന്നുവരികയാണെങ്കില്‍ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗം ഇന്നത്തതിനേക്കാള്‍ വളരെ മോശമായ രീതിയിലേക്ക് മാറും എന്നുള്ളതില്‍ സംശയമില്ല. 

സ്വയംഭരണ സംവിധാനം എന്ന് പറയുന്നത് വളരെ ഉദാത്തമായ ഒരു അക്കാദമിക സമ്പ്രദായം തന്നെയാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് വിദ്യാര്‍ത്ഥിയുടെയും സമൂഹത്തിന്റെയും വികാസത്തിന് അനുകൂലമായ പാഠ്യപദ്ധതി തയ്യാറാക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നതാണ്. ഇത്തരം സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് പരിഗണിക്കുന്നത്. അതില്‍ പറയുന്ന പ്രധാന കാരണങ്ങള്‍ സര്‍വകലാശാലയും സ്വയംഭരണ കോളേജുകളും തമ്മിലുള്ള സംഘര്‍ഷമാണ്. സ്വയംഭരണ കോളേജുകളുടെ നടത്തിപ്പിനെ കുറിച്ചുള്ള അവ്യക്തതയാണ് ഉയര്‍ത്തിക്കാണിക്കുന്നത്. ഈ ഓര്‍ഡിനന്‍സില്‍ പോലും കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടോ എന്നുള്ളത് പഠന വിധേയമാക്കേണ്ടതാണ്.

Tags: