Skip to main content
Ad Image

teenage-alcoholism

കോട്ടയം തോലയോലപ്പറമ്പിനടുത്തുള്ള ബ്രഹ്മമംഗലത്തെ പതിമൂന്നിനും പതിനാറിനും ഇടയില്‍ പ്രായമുള്ള നാല് കൗമാരപ്രായക്കാര്‍ മദ്യപിച്ച്, ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കുന്നത് കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മാപിനിയിലെ അടയാളമാകുന്നു. പതിമൂന്നിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ് ഏറ്റവും ഗുരുതരാവസ്ഥയില്‍ ബോധരഹിതരായി കാണപ്പെട്ടത്. ഈ കുട്ടികള്‍ക്ക് തങ്ങള്‍ ചെയ്തത് അരുതാത്തതാണെന്ന ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ടാണ് ഗതാഗത സൗകര്യം പോലുമില്ലാത്ത വയലിലെ ഒഴിഞ്ഞ മൂലയെ മദ്യപിക്കാനായി കണ്ടെത്തിയത്.

 

പതിമൂന്ന് കൊല്ലം കൊണ്ട് ഈ കുട്ടികളില്‍ മദ്യപാനം എന്ന ശീലം രൂഢമൂലമായത് ഏത് വിധത്തിലായിരിക്കും. മിക്കവാറും ഈ കുട്ടികളുടെ രക്ഷിതാക്കള്‍ മദ്യപിക്കാകുന്നവരാകാനാണ് സാധ്യത. ഓരോ നിമിഷവും ചാനലുകളില്‍ വന്ന് മറയുന്ന മദ്യത്തിന്റെയും മദ്യപാനത്തിന്റെയും ദൃശ്യങ്ങള്‍ കുട്ടികളെ സ്വാധീനിച്ചിട്ടുണ്ടാകും. അതിനുമുപരി പതിമൂന്നിനും പതിനാറിനും വയസ്സിനിടയില്‍ താങ്ങാനാകാത്ത സംഘര്‍ഷങ്ങളും ഈ കുട്ടികള്‍ അനുഭവിച്ചിട്ടുണ്ടാകാം. സ്‌കൂളില്‍ നിന്നോ വീട്ടില്‍ നിന്നോ ഒരുവിധ സ്‌നേഹവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടാകാന്‍ ഇടയില്ല. അതുകൊണ്ട് തന്നെ അവരുടെ സര്‍ഗാത്മകത അവഗണിക്കപ്പെട്ടിട്ടുണ്ടാകാം. തങ്ങളെ മറ്റുള്ളവര്‍ അവഗണിക്കുന്നതായി ഈ കൗമാരക്കാര്‍ തിരിച്ചറിഞ്ഞിട്ടുമുണ്ടാകാം. അവഗണിക്കപ്പെടുന്ന സര്‍ഗാത്മകതയും വ്യക്തിത്വവുമാണ് വിനാശകരമാകുന്നത്. കാരണം ആ സര്‍ഗാത്മകതയുടെ ശക്തി വിനാശകരമായ പ്രവര്‍ത്തികളില്‍ സര്‍ഗാത്മകമായി പ്രവര്‍ത്തനക്ഷമമാകും. അത് സാഹസികമെന്ന് തോന്നുന്ന പ്രവര്‍ത്തികളിലേക്ക് നയിക്കുകയും ചെയ്യും.

 

സ്വാഭാവികമായി കൗമാര പ്രായത്തെ താല്‍ക്കാലിക ഭ്രാന്തിന്റെ കാലം എന്നാണ് വിശേഷിപ്പിക്കുന്നത്‌. ആ സാഹചര്യത്തില്‍ വീട്ടില്‍ നിന്നും  സ്‌കൂളില്‍ നിന്നും അവര്‍ക്ക് അര്‍ഹമായത് ലഭിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥാ വിശേഷത്തിന്റെ ഫലമായിട്ടാണ് ഈ കുട്ടികള്‍ ഇവ്വിധം അകപ്പെട്ടുപോയത്.  ഇതിനെല്ലാമുപരി സംസ്ഥാന സര്‍ക്കാര്‍ യഥേഷ്ടം മദ്യം ലഭ്യമാക്കിയത് രാഷ്ട്രീയമായ കാരണവുമായി. അതിനാല്‍ ആ കുട്ടികളെ ഒരു കാരണവശാലും കുറ്റം പറയാന്‍ കഴിയില്ല. സാഹസികമായ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ സന്തോഷം കണ്ടെത്തി കൗമാര പ്രായത്തില്‍ അനുഭവിക്കുന്ന വിഷാദത്തില്‍ നിന്നും കരകയറുവാനുള്ള ശ്രമമാണ് ആ കുട്ടികള്‍ നടത്തിയതെന്ന് കേരളം തിരിച്ചറിയണം.

 

Ad Image