തെരുവുനായ്ക്കളും സ്ത്രീപീഡനവും ഇനിയും വർധിക്കും; രണ്ടിന്റെയും കാരണം ഒന്നു തന്നെ

Glint Staff
Tue, 08-11-2016 07:38:20 PM ;

 

 

തെരുവുനായ്ക്കളും സ്ത്രീപീഡനവും കേരളത്തിൽ വർധിച്ചുകൊണ്ടിരിക്കും. സംശയമില്ല. നിലവിലുള്ള സൂചനകൾ നൽകുന്നത് അതാണ്. മലയാളിയുടെ മനോഗതിയിൽ വന്ന മാറ്റമാണ് മനസ്സിനെ മലിനപ്പെടുത്തിയതും ഇപ്പോൾ  ആ പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നതും. തെരുവുനായയെ കൊന്നുകൊണ്ട് ആ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നത് തെരുവുനായ വർധിക്കാൻ കാരണമാകുന്നതിനേക്കാൾ അപകടകരവും വിനാശകരവുമാണ്. എന്നാൽ ഇന്ന് കേരളം കാണുന്ന കാഴ്ച തെരുവുനായയെ കൊല്ലുന്നവർക്ക് ലക്ഷങ്ങളുടെ സമ്മാനങ്ങളും തോക്കും ജാമ്യത്തിനാളുകളും. കൊല്ലണമെന്നാവശ്യപ്പെട്ടാൽ പട്ടിക്കൊലയാളികളെ ദാനം ചെയ്യാനുമൊക്കെ ആളുകൾ തയ്യാറാകുന്നു. അവർ സാമൂഹ്യ പരിഷ്‌കർത്തക്കളായി സ്വയം കരുതുകയും മറ്റുള്ളവരാലും മാധ്യമങ്ങളാലും കരുതപ്പെടുകയും ചെയ്യുന്നു.

 

കേരളത്തിൽ സമീപകാലത്ത് ഇത്രയധികം പേർ നായകളുടെ ആക്രമണത്തിനിരയാകാൻ ഒരു പ്രധാന കാരണം മാധ്യമങ്ങളാണ്. എവിടെ നായയെ കണ്ടാലും അത് തന്നെ ആക്രമിക്കാൻ വരുന്നു എന്ന തോന്നലാണ് പൊതുവേ ഇപ്പോൾ ജനത്തിന്. പ്രത്യേകിച്ച് കുട്ടികൾക്കും സ്ത്രീകൾക്കും. വീട്ടിൽ നിന്ന് കുട്ടികൾ പുറത്തു പോകുമ്പോൾ മാധ്യമസ്വാധീനത്തിൽ പെട്ട് രക്ഷകർത്താക്കൾ നായയെ സൂക്ഷിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. അതിനാൽ നായയെ കാണുമ്പോൾ ആൾക്കാർ വല്ലാതെ പേടിക്കുകയും സ്വഭാവമാറ്റം കാട്ടുകയും ഓടുകയുമൊക്കെ ചെയ്യുന്നു. ഇതു മൂലം പേടിയുടെ മൃഗരൂപമായ നായ പേടിച്ച് ആക്രമിക്കുന്നു. വെറുതെ പേടിച്ചാൽ പോലും നായ ആക്രമിക്കും. പേടിക്കുമ്പോൾ മനുഷ്യ ശരീരത്തിലുണ്ടാകുന്ന രാസപ്രക്രിയ പുറത്തു വിടുന്ന ഗന്ധം നായകൾ മനസ്സിലാക്കുകയും അതനുസരിച്ച് പ്രതികരിക്കുകയും ചെയ്യുന്നതാണ് കാരണം. മനുഷ്യന്റെ മൂക്കിനുള്ളിൽ ഗന്ധസ്വീകരണികൾ 50 ലക്ഷം മാത്രമുള്ളപ്പോൾ അവ നായകളിൽ 22 കോടിയാണ്.

 

അതുപോലെ ആക്ടിവിസ്റ്റുകളുടെ അതേ സ്വഭാവത്തിലേക്ക് മാധ്യമ കാഴ്ചപ്പാടും മാറിയിരിക്കുന്നു. എവിടെ പീഡനമുണ്ടായാലും നടത്തപ്പെടുന്ന ചർച്ചകൾ ഇരയ്ക്ക് വേണ്ടിയാണ് എന്ന് ചർച്ച നടത്തുന്നവരും പങ്കെടുക്കുന്നവരും കരുതുന്നു. പീഡനമെന്നു പറയുന്ന വിപത്തിനെ വെറും സ്ത്രീസംബന്ധ വിഷയമാക്കി ചുരുക്കുകയും ഇരയാവുന്ന സ്ത്രീയുടെ നീതി, ആ സ്ത്രീയെ പീഡിപ്പിച്ചവന് ഉതകുന്ന ശിക്ഷ വാങ്ങിക്കൊടുക്കുന്നതിലേക്കും ഒതുക്കുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകളെല്ലാം സ്ത്രീ-പുരുഷ ബന്ധങ്ങളെയും സമൂഹമെന്ന പ്രതിഭാസത്തേയും ഇല്ലായ്മ ചെയ്യുന്ന തലത്തിലേക്ക് അവശേഷിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ഇപ്പോൾ ആണിന് വിശേഷിച്ചും പൊതുസ്ഥലങ്ങളിൽ ആണുങ്ങൾക്ക് പെണ്ണുങ്ങളെ സമീപത്തു കാണുമ്പോൾ പേടിയാകുന്ന അവസ്ഥ സംജാതമായിരിക്കുന്നു. മനുഷ്യനിലെ ഏറ്റവും വലിയ മാലിന്യമാണ് പേടിയെന്നു പറുയന്നത്. പേടി വർധിക്കുന്ന സമൂഹത്തിൽ മാത്രമേ ഗുണ്ടാസംഘങ്ങളും മാഫിയകളും വളരുകയും വർധിക്കുകയുമുള്ളു. പേടിയുള്ള മനുഷ്യനും സമൂഹത്തിനും സൗന്ദര്യവും സംസ്‌കാരവുമുണ്ടാവികയില്ല. അതുകൊണ്ടു തന്നെ ധൈര്യവും നല്ല ബന്ധങ്ങളുമുണ്ടാകില്ല. ആരെങ്കിലും അപകടാവസ്ഥയിൽ പെടുന്നുവെന്നു കാണുമ്പോൾ തല തിരിക്കുന്നത് അതുകൊണ്ടാണ്. സൗമ്യ തീവണ്ടിയിൽ നിന്നു വീണപ്പോഴുണ്ടായ തല തിരിപ്പ് ഓർക്കാവുന്നതാണ്. പേടിയുള്ള മനുഷ്യനേയും സമൂഹത്തിനേയും ആർക്കും എപ്പോഴും ഏതു വിധേനെയും ചൂഷണം ചെയ്യാം.  

 

മനുഷ്യന്റെ ചിന്താഗതിയേയും പേടിയേയും അകറ്റുന്നതിന് അപാരമായ സാധ്യതയാണ് മാധ്യമങ്ങൾക്കുള്ളത്. എന്നാൽ എല്ലാ ദിവസവും അനേകായിരം തരത്തിലുള്ള പേടി മനുഷ്യമനസ്സിലേക്കു നിക്ഷേപിക്കുന്ന വിധമുള്ള വാർത്തകളാണ് മാധ്യമങ്ങളിലൂടെ പ്രകടമാകുന്നത്. ചാനലുകളിൽ അവതാരകരുടെ നിലവാരമനുസരിച്ച് ചിലപ്പോൾ അവർ തന്നെ പേടിച്ച് സമനില വിട്ടുപോകുന്ന വിധം പെരുമാറുന്ന സാഹചര്യത്തിലേക്കു വരെ കാര്യങ്ങൾ നീളുന്നു. ഈ പേടിയെന്ന മാലിന്യം മൂലമാണ് മൂന്നു വയസ്സുള്ള കുഞ്ഞും തൊണ്ണൂറു വയസ്സുള്ള മുത്തശ്ശിയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും പീഡിപ്പിക്കപ്പെടാൻ കാരണമാകുന്നത്. പീഡനത്തിനിരയാവുന്നതിൽ ലക്ഷത്തിലൊരു കേസ്സുപോലും പുറത്തു വരുന്നില്ലെന്ന് നിഗമനത്തിലെത്താനുള്ള സൂചനകൾ ധാരാളമുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയിടയിൽ ഈ പേടി വൻ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക. ചില കടകളിൽ രണ്ടായിരമോ മൂവായിരമോ രൂപയ്ക്കെങ്കിലും ജോലിക്ക് സാധ്യതയുണ്ടായിരുന്നു പെൺകുട്ടികൾക്ക്, വിശേഷിച്ചും നാട്ടിൻപുറങ്ങളിൽ. എന്നാൽ പെൺപേടി നിമിത്തം അങ്ങനെയുളള സ്ഥാപനങ്ങളിൽ പെൺകുട്ടികളെ എടുക്കാൻ പലരും തയ്യാറാകാത്ത സ്ഥിതി ഇതിനകം വന്നു കഴിഞ്ഞു. മാധ്യമങ്ങളും ആക്ടിവിസ്റ്റുകളും ചേർന്നുള്ള പേടിപ്പിക്കൽ തുടരുന്ന പക്ഷം അതിനിയും വർധിക്കും. അതു മറ്റ് പല സാമൂഹ്യ പ്രശ്‌നങ്ങളിലേക്ക് നീങ്ങുകയും ചെയ്യും.

 

സാംസ്‌കാരികമായി അവശേഷിക്കുന്ന അൽപ്പകാര്യങ്ങൾ പോലും ഇല്ലാതാകുന്ന അവസ്ഥയാണിപ്പോൾ വർധിത മാധ്യമ പരിസ്ഥിതിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മലയാളിയുടെ മനസ്സിൽ അനുനിമിഷം വർധിച്ചുകൊണ്ടിരിക്കുന്ന മാലിന്യം തന്നെയാണ് തെരുവുനായയുടെ കാര്യത്തിലായാലും സ്ത്രീപീഡനത്തിന്റെ കാര്യത്തിലായാലും കാരണമായി മാറുന്നത്. ആ കാരണങ്ങളിലേക്കു വെളിച്ചം വീശുന്ന ചർച്ചകളിലേക്ക് മാധ്യമങ്ങൾ തിരിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കിൽ സ്ത്രീപീഡന സംഭവങ്ങളും അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള ചർച്ചയായി മാറും. ഇപ്പോൾ തന്നെ മാറിക്കഴിഞ്ഞു. നിയമങ്ങൾ കൊണ്ട് ഒരു സമൂഹത്തെ സാംസ്‌കാരത്തിൽ നിന്ന് ജന്യമാകുന്ന പ്രവൃത്തികളിലേക്ക് നയിക്കാൻ കഴിയില്ല. സാംസ്‌കാരികമായി മുൻതൂക്കം നിലനിൽക്കുന്ന സമൂഹത്തിൽ മാത്രമേ നിയമങ്ങൾക്കും കാര്യക്ഷമതയുണ്ടാവുകയുള്ളു. സംസ്‌കാരത്തിൽ നിന്നു പ്രതീക്ഷിക്കുന്ന പ്രവൃത്തി നിയമം കൊണ്ട്  കർശനമായി നടപ്പിൽ വരുത്താൻ ശ്രമിക്കുന്ന സമൂഹങ്ങൾ അക്രമത്തിന്റെയും അരാജകത്വത്തിന്റെയും പാതയിലേക്കും നീങ്ങുമെന്നതിൽ സംശയമില്ല.

 

വ്യക്തികളിലെ മാലിന്യം തന്നെയാണ് മുഖ്യധാരാ രാഷ്ട്രീയപാർട്ടികളിലെ നേതാക്കൾ സ്ത്രീപീഡന കേസ്സുകളിലും ഗുണ്ടാ ആക്രമണ കേസ്സുകളിലും അശ്ലീല ചിത്രപ്രചാരണത്തിലും തുടങ്ങി ഏതെല്ലാം അധോലോക പ്രവൃത്തികളുണ്ടോ അവയിലൊക്കെ ഏർപ്പെടാൻ കാരണം. അതിനെ ഒറ്റപ്പെട്ട സംഭവമായിട്ടോ ഏതെങ്കിലും ഒരു പാർട്ടിയിലെ കാര്യമായിട്ടോ കണ്ടിട്ട് കാര്യമില്ല. കേരള സമൂഹത്തിന്‍റെ രോഗലക്ഷണത്തിന്റെ മുഖംവയ്ക്കലാണത്. കാരണത്തിലേക്ക് നോക്കാതെ കാര്യത്തിന് മാത്രം പരിഹാരം തേടാനുള്ള ശ്രമം അർബുദത്തെ വേദന സംഹാരികൾ കൊണ്ട് നേരിടാൻ ശ്രമിക്കുന്നതു പോലെയാകും.

Tags: