‘പദ്മനാഭന്റെ ചക്രം’ നാടിന്റെ സ്വത്ത്‌ തന്നെ

Glint Guru
Sun, 27-04-2014 05:12:00 PM ;

sree padmnabhaswamy temple

 

സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് ജില്ലാ അഡീഷണല്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് പുതിയ ഭരണസമിതി നിലവില്‍ വന്നു. അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്റെ പ്രസക്തിയേക്കാള്‍ കൂടുതല്‍ പ്രകടമായത് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കണ്ട് നടുങ്ങിയ കോടതിയുടെ ഭാവമാണ്. ആദ്യം പരമോന്നത കോടതി ആശ്ചര്യപ്പെട്ടത് പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണ-രത്ന-വെള്ളി ശേഖരത്തിന്റെ തോത് കണ്ടാണ്‌. ഇനിയും അത് പൂര്‍ണ്ണമായി തിട്ടപ്പെടുത്തിയിട്ടില്ല. ആ ആശ്ചര്യപ്പെടലിനേക്കാള്‍ അപ്പുറമായിരുന്നു സുപ്രീം കോടതിയ്ക്ക് ഇപ്പോഴുണ്ടായ ഞെട്ടല്‍. കാരണം, അത്രയ്ക്കാണ് ക്ഷേത്രത്തില്‍ നിന്നും കടത്തപ്പെട്ട സ്വര്‍ണ്ണത്തിന്റെ തോത്. അതും സങ്കല്‍പ്പാതീതം.

 

ഈ സ്വര്‍ണ്ണക്കടത്തിന്റെ ഉത്തരവാദിത്വം പ്രഥമദൃഷ്ട്യാ പഴയ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഇപ്പോഴത്തെ അംഗങ്ങള്‍ക്കാണ്. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനോട് സുപ്രീം കോടതിയില്‍ അഭിഭാഷകന്‍ കെ.കെ വേണുഗോപാലിലൂടെ രാജകുടുംബം സ്വീകരിച്ച നിലപാടും രാജകുടുംബത്തില്‍ നിന്ന്‍ ഭരണം സുപ്രീം കോടതി ജില്ലാ ജഡ്ജിയെ ഏല്‍പ്പിച്ചതും സുപ്രീം കോടതി മുന്‍പ് നിയോഗിച്ച ക്ഷേത്രസ്വത്തിന്റെ മൂല്യനിര്‍ണ്ണയ സമിതിയിലെ അംഗങ്ങളായിരുന്ന സി.വി ആനന്ദബോസിന്റേയും എം.ജി ശശിഭൂഷണിന്റേയും പ്രതികരണവുമെല്ലാം വളരെ കൃത്യമായ ചിത്രമാണ് നല്‍കുന്നത്.   

 

രാജഭക്തി ആരോപിക്കാപ്പെടാവുന്ന വിധമായിരുന്നു ചരിത്രകാരനും അധ്യാപകനുമായിരുന്ന എം.ജി ശശിഭൂഷണിന് സ്വര്‍ണ്ണശേഖര വാര്‍ത്ത‍ പുറത്തുവന്നപ്പോഴുണ്ടായിരുന്ന നിലപാട്. ഈ സമ്പത്ത് സൂക്ഷിച്ചുപോന്നതിന് ശശിഭൂഷണ്‍ രാജകുടുംബത്തെ പ്രകീര്‍ത്തിച്ച് ലേഖനവുമെഴുതി. എന്നാല്‍, മൂല്യനിര്‍ണ്ണയ സമിതി അംഗമായതോടെ അദ്ദേഹത്തിന്റെ അഭിപ്രായം മാറി. ക്ഷേത്രത്തില്‍ നിന്ന്‍ സ്വര്‍ണ്ണവും മറ്റ് അമൂല്യ വസ്തുക്കളും കടത്തപ്പെട്ടതിന്റെ തോതും കടത്തപ്പെട്ട വഴികളും ബോധ്യമായതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ അഭിപ്രായ മാറ്റം. കണ്ടെത്തിയ സത്യങ്ങളുടെ സങ്കല്‍പ്പാതീതമായ മാനങ്ങള്‍ ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ശശിഭൂഷണിന്റെ മുഖഭാവത്തില്‍ നിന്ന്‍ വായിച്ചെടുക്കാമായിരുന്നു. അദ്ദേഹം പോലും പറയുന്നു, രാജകുടുംബത്തിന്റെ അറിവില്ലാതെ ഇത് സംഭവിക്കില്ല. മൂല്യനിര്‍ണ്ണയ സമിതിയുടെ അദ്ധ്യക്ഷനായിരുന ആനന്ദബോസാകട്ടെ ഒരുപടി കൂടി കടന്ന്, ഇതില്‍ ഈയിടെ അന്തരിച്ച ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ മേല്‍ സംശയത്തിന്റെ സൂചിമുന പരസ്യമായി തിരിച്ചുവെച്ചിരിക്കുന്നു. അങ്ങനെയെങ്കില്‍, കേരളത്തിന്റെ എന്ന്‍ മാത്രമല്ല, സ്വതന്ത്ര ഇന്ത്യയുടെ തന്നെ ചരിത്രത്തില്‍ നടന്ന ഏറ്റവും കുപ്രസിദ്ധമായ രാഷ്ട്രസമ്പത്തിന്റെ കൊള്ളയായിരിക്കും ഇത്. ഈ പശ്ചാത്തലത്തില്‍ രാജകുടുംബാംഗങ്ങളെ അവഹേളിക്കരുതെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന അനുചിതമായിപ്പോയി.

 

തിരുവിതാംകൂര്‍ രാജഭരണത്തില്‍ നിന്ന്‍ ജനായത്ത ഭരണത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ കിട്ടിയപ്പോള്‍ തന്നെ സ്വത്തുക്കള്‍ കപ്പലുകളില്‍ വിദേശരാജ്യങ്ങളിലേക്ക് രാജകുടുംബം കടത്തിയിരുന്നുവെന്ന് കേട്ടുകേള്‍വി ഉണ്ടായിരുന്നു. അവയിലെ ചില കഥകളെങ്കിലും അപസര്‍പ്പക കഥകളെ അനുസ്മരിപ്പിക്കും വിധമുള്ളതും. അത്തരം കഥകളെ പോലും നിഷ്പ്രഭവും നിസ്സാരവുമാക്കുന്നതാണ് യാഥാര്‍ഥ്യങ്ങളെന്നാണ് ഇപ്പോള്‍ വെളിവായിരിക്കുന്നത്.

 

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ 1750-ല്‍ രാജ്യത്തെ പദ്മനാഭ സ്വാമിയ്ക്ക് സമര്‍പ്പിച്ചതു മുതല്‍ പദ്മനാഭ ദാസനായാണ് പിന്നീടുള്ള തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ഭരണം നടത്തിവന്നിരുന്നത്. അതുകൊണ്ടാണ് സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ പദ്മനാഭന്റെ പണമാണ് പറ്റുന്നതെന്ന് പറഞ്ഞിരുന്നത്. ഇന്നും ‘പദ്മനാഭന്റെ പത്തു ചക്രം’ പ്രയോഗം സര്‍ക്കാറുദ്യോഗത്തെ പരാമര്‍ശിച്ച് പറയപ്പെടുന്നുമുണ്ട്. മുഖ്യമന്ത്രിയ്ക്ക് സംസ്ഥാന ഖജനാവിലുള്ള അധികാരം മാത്രമാണ് തിരുവിതാംകൂര്‍ രാജാവിന് പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്തിലുണ്ടായിരുന്നത്. മാമൂല്‍ പ്രകാരവും, ചരിത്രപരമായും, നിയമപരമായും സാമൂഹികമായും പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്ത് സംസ്ഥാനത്തിന്റേതാണ്. അല്ലാതെ രാജകുടുംബത്തിന്റേതല്ല. അതില്‍ ഒരു ഒന്‍പത് മണി ചര്‍ച്ചയുടെ ആവശ്യം പോലുമില്ല.

 

സുപ്രീം കോടതിയുടെ ഇടപെടല്‍ സുതാര്യമായ ഒരു ഭരണസംവിധാനത്തിന് കാരണമാകുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. രണ്ട് കാര്യങ്ങളിലാണ് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം പ്രകടമാകേണ്ടത്. ഒന്ന്‍, സ്വര്‍ണ്ണക്കൊള്ളയെ കുറിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തുക. രണ്ട്, ഈ സമ്പത്ത് അന്യാധീനപ്പെട്ടു പോകാതെ ക്രിയാത്മകവും സുതാര്യവും സൃഷ്ടിപരവുമായി വിനിയോഗിക്കുന്നതിനുള്ള വഴിയൊരുക്കുക.  

Tags: