സീപ്ലെയിന്‍: അഷ്ടമുടിക്കായലിനുള്ള അവസാനത്തെ ആണി

Thu, 26-09-2013 12:45:00 PM ;

Ashtamudi Lake

സൗന്ദര്യം  ആസ്വദിക്കാനെത്തുന്നവര്‍ക്ക് അത് വില്‍ക്കുന്ന രീതി, സംസ്കാരത്തിന് ചേര്‍ന്നതല്ല. അതുകൊണ്ടാണ് ടൂറിസം വികസിച്ച രാജ്യങ്ങളിലൊക്കെ ഒപ്പം ജീര്‍ണ്ണതയും സെക്സ്‌ വിപണിയുമൊക്കെ വിപുലമാകുന്നത്. അതിനേക്കാളുപരി പരിസ്ഥിതിക്കേല്‍ക്കുന്ന ആഘാതം അളക്കാനാവാത്തതാണ്. കേരളം പോലെ പാരിസ്ഥിതിക സൂക്ഷ്മതകള്‍ ധാരളമുള്ള ഭൂപ്രദേശത്ത് ഇടപെടുമ്പോള്‍ അങ്ങേയറ്റം ശ്രദ്ധ അനിവാര്യമാണ്. അതില്ലാതെ, ചൂഷണം ചെയ്തതിന്റെ ദോഷഫലങ്ങള്‍ ഇപ്പോള്‍ നാം അനുഭവിച്ചുതുടങ്ങിക്കഴിഞ്ഞു. എന്നിട്ടും കേരളം പൂര്‍ണ്ണമായും നശിക്കാതെ അവശേഷിക്കുന്നു. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ ഭരണാധികാരികള്‍ ഭ്രാന്തന്‍ പദ്ധതികളുമായി അവശേഷിക്കുന്ന പരിസ്ഥിതിയെക്കൂടി ഇല്ലാതാക്കാന്‍ വാശിയോടെ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സീപ്ലെയിന്‍ പദ്ധതി. പദ്ധതിയുടെ പേര് സീപ്ലെയിന്‍ എന്നാണെങ്കിലും ലേക്ക് പ്ലെയിനാണ് നടപ്പിലാക്കാന്‍ പോകുന്നത്. അതും അഷ്ടമുടിക്കായലില്‍. കേരളത്തില്‍ പാരിസ്ഥിതികവിനാശമുണ്ടായ എല്ലാ പദ്ധതികളും ഇത്തരത്തിലാണ് നടത്തപ്പെട്ടിട്ടുള്ളത്. സര്‍ക്കാര്‍ ഭാഷ്യത്തില്‍ വിശദമായ ശാസ്ത്രീയ പഠനത്തിനുശേഷം. കേരളത്തിന്റെ തനതു ജൈവസമ്പത്തു മുഴുവന്‍ ഇത്തരത്തിലാണ് ഇവിടെ നിന്നും നിര്‍മാര്‍ജനം ചെയ്യപ്പെട്ടിട്ടുള്ളത്.

 

വികസനത്തിന്റെ പേരില്‍ ഹോട്ടല്‍കാരും റിസോര്‍ട്ടുകാരും അല്ലാത്തവരും ചേര്‍ന്ന് കായല്‍ കയ്യേറി അഷ്ടമുടിക്കായലിന്റെ വിസ്തൃതി കഴിഞ്ഞ പത്തുകൊല്ലത്തിനുള്ളില്‍  മുപ്പത്തിയഞ്ചു ശതമാനത്തോളം കുറഞ്ഞുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ആഴത്തിന്റെ പ്രത്യേകതകൊണ്ടും ഭൂമിശാസ്ത്ര സവിശേഷതകൊണ്ടും വേമ്പനാട് കായലിനേക്കാള്‍ വൈവിധ്യവൈപുല്യം അഷ്ടമുടിക്കായലിനുണ്ട്. എണ്ണമറ്റ ചെറുമീനുകളുടെ ആവാസകേന്ദ്രമായിരുന്നു അഷ്ടമുടിക്കായല്‍. അവയില്‍ പലതും ഇപ്പോള്‍ വംശനാശം സംഭവിച്ച് ഇല്ലാതായിരിക്കുന്നു. അതും അതീവരുചികരമായ ചെറുമീനുകള്‍. ഇപ്പോഴും അപൂര്‍വ്വതയാര്‍ന്ന ചെറുമീനുകള്‍ അവിടെ അവശേഷിക്കുന്നുണ്ട്.

 

Seaplaneഅറബിക്കടലിന്റെ പിന്നില്‍ (ബാക്ക് വാട്ടര്‍) ധ്യാനാവസ്ഥയിലുള്ള നിശബ്ദതയുടെ കായല്‍പ്പരപ്പിലേക്കാണ് സീപ്ലെയിന്‍ ഇടിച്ചിറക്കി ടൂറിസം വികസിപ്പിക്കാന്‍ പോകുന്നത്. സീപ്ലെയിന്‍ നിര്‍മ്മാണക്കമ്പനികളുടെയും ഏതാനും ചില വ്യക്തികളുടെയും താല്‍പ്പര്യത്തിനുവേണ്ടി. നിശബ്ദമായി കിടക്കുന്ന കായല്‍വാരത്ത് ചെന്ന് നിന്ന് അല്‍പ്പനേരം നോക്കിയാല്‍ മനസ്സിലാകുന്ന ഒന്നുണ്ട്. കരയില്‍ നില്‍ക്കുന്നവരുടെ നിശ്വാസം പോലും കായലിന്റെ ഓളപ്പരപ്പ് അറിയാറുണ്ട്. ചെറുതായി കായലിലേക്കൊന്നു തുപ്പിനോക്കുക. രൂപംകൊള്ളുന്ന വളയങ്ങളും വീണ തുപ്പലിന്റെ നേര്‍ക്ക് ഓടിയണയുന്ന ചെറുമീനുകളും കാണാം. തോട്ടപൊട്ടിച്ച് മീനെ പിടിക്കുന്ന കാടത്തപ്രവണത നമ്മള്‍ വിനോദപൂര്‍വ്വം പുഴകളിലൊക്കെ നടത്താറാണ്ട്. ശബ്ദത്തിന്റെ ആഘാതത്തില്‍ നിലതെറ്റി മീനുകള്‍ മലച്ചുപൊങ്ങും. ഇതെല്ലാം സൂചിപ്പിക്കുന്നത് ശബ്ദതരംഗങ്ങളോടുള്ള മീനുകളുടെ പ്രതികരണവും പ്രതിരോധവുമാണ്. ഈ നിശബ്ദതയിലേക്ക്  കടലിലിറങ്ങാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള സീപ്ലെയില്‍ ഇടിച്ചിറങ്ങിയാല്‍ മത്സ്യസമ്പത്തിനുണ്ടാകുന്ന ദോഷകരമായ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും. വിശേഷിച്ചും ലോല മത്സ്യങ്ങളുടെ കാര്യത്തില്‍. വേമ്പനാട് കായല്‍ ഏതാണ്ട് നശിച്ചുകഴിഞ്ഞു. കയ്യേറ്റത്തിന്റെ ബാക്കിയായി അവശേഷിക്കുന്ന അഷ്ടമുടിക്കായലിലും ഹൗസ്‌ബോട്ടുകള്‍ നിറഞ്ഞുകൊണ്ട് വേമ്പനാടിന്റെ അവസ്ഥയിലേക്കു നീങ്ങുന്നു. അതിന്റെ കൂടെ സീപ്ലെയിന്‍ കൂടിയാകുമ്പോള്‍ അത് അഷ്ടമുടിക്കായലിനുള്ള അവസാനത്തെ ആണിയാകും. അക്കാര്യത്തില്‍ തെല്ലും സംശയം വേണ്ട.

 

ശുദ്ധജല തടാക തീരത്ത് കുടിവെള്ളത്തിനായി സമരം

 

പ്രത്യക്ഷമായ കുറ്റകൃത്യങ്ങള്‍ കണ്ണില്‍പ്പെടാനും അവ തടയാനുള്ള അവസരവും കൂടുതലാണ്. പരോക്ഷമായവ പ്രത്യക്ഷപ്പെടുന്നത് കൊതിപ്പിക്കലിന്റെ അകമ്പടിയോടെയാണ്. അവസാന ശ്വാസമെത്തമ്പോള്‍ മാത്രമേ കാര്യം തിരിച്ചറിയുകയുള്ളു. വെച്ചൂര്‍പശുവും മറ്റ് ജൈവവൈവിദ്ധ്യങ്ങളും ഉദാഹരണം. രാജ്യത്തിനു ദ്രോഹമാകുന്ന പരോക്ഷകുറ്റകൃത്യങ്ങള്‍ തന്നെയാണ് സീപ്ലെയിന്‍പോലുള്ള ടൂറിസം വികസനം. അഷ്ടമുടിക്കായലിന്റെ തകര്‍ച്ചയോടെ വെറും വെള്ളക്കെട്ടല്ല നശിക്കുന്നത്. മനുഷ്യജീവിതം തന്നെയാണ്.

Tags: