കേരളത്തിലെ ഏക ശുദ്ധജല തടാകം സ്ഥിതി ചെയ്യുന്ന ശാസ്താംകോട്ടയില്‍ കുടിവെള്ളത്തിനായുള്ള സമരം ആരംഭിച്ചിരിക്കുകയാണ്. കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കില്‍ ശാസ്താംകോട്ട, പടിഞ്ഞാറേ കല്ലട പഞ്ചായത്തുകളില്‍ വ്യാപിച്ചും മൈനാഗപ്പള്ളി പഞ്ചായത്തില്‍ ഭാഗികമായും സ്ഥിതി ചെയ്യുന്നതാണ് കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകം. കല്ലട ആറിന്റെ വലതുകരയില്‍ കൊല്ലം നഗരത്തില്‍ നിന്നും വടക്കുകിഴക്കായി 3.75 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഈ തടാകം വ്യാപിച്ചു കിടക്കുന്നു. 9.04 ചതുരശ്ര കിലോമീറ്റര്‍ സംവഹന വിസ്തൃതിയുള്ള തടാകം ഇന്ത്യയിലെ സംരക്ഷിക്കേണ്ട 25 തണ്ണീര്‍ത്തടങ്ങളില്‍ ഒന്നായി ഐക്യരാഷ്ട്ര സംഘടന പരിഗണിച്ചതും റാംസര്‍ വെറ്റ് ലാന്‍ഡ്സില്‍ ഉള്‍പ്പെട്ടതുമാണ്.
കൊല്ലം കോര്‍പ്പറേഷനിലും ഏഴു പഞ്ചായത്തുകളിലുമായി അഞ്ച് ലക്ഷത്തിലധികം വരുന്ന ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്നത് ശാസ്താംകോട്ട തടാകമാണ്. ഈ കുടിവെള്ള സ്രോതസ്സ് ഇല്ലാതായാല്‍ ഭാവിയില്‍ കൊല്ലം ജില്ല കുടിവെള്ളത്തിനായി കടുത്ത വില നല്‍കേണ്ടി വരുമെന്നതില്‍ സംശയമില്ല. തടാകത്തിന് കൃത്യമായി ഒരു ഉടമസ്ഥനില്ല. ത്രിതല പഞ്ചായത്തുകളും ജലസേചന വകുപ്പും ഇതിന്റെ ഉടമസ്ഥാവകാശം ആഗ്രഹിക്കുന്നില്ല. പുതിയ പദ്ധതികള്‍ എല്ലാം കമ്മീഷന്‍ ചെയ്യുന്നതോടെ നേരത്തെയുള്ള പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ അളവ് 45 ദശലക്ഷം ലിറ്ററില്‍ നിന്ന് 72 ദശലക്ഷം ലിറ്ററായി ഉയരും. തന്മൂലം തടാകത്തിന്റെ പരിസരവാസികള്‍ക്ക് കുടിവെള്ളം ലഭിക്കാതെ വരികയും അവര്‍ സമരത്തിലേക്ക് പോകുന്ന കാഴ്ചയുമാണ് ഇവിടെയുള്ളത്.
ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വളരെ ഏറെ പ്രത്യേകതകള്‍ ഉള്ള ജലാശയമാണ് ശാസ്താംകോട്ട തടാകം. തടാകത്തിലെ ജലത്തിന് നിശ്ചിത അളവില്‍ നിന്നും ഉളളിലേക്ക് അസാധാരണമായ തണുപ്പ് അനുഭവപ്പെട്ടിരുന്നു. (1982 ജനുവരി 16ന് കായലില്‍ കടത്തുവഞ്ചി മറിഞ്ഞ് 22 പേരുടെ മരണത്തിനിടയായി. മരിച്ചവര്‍ക്കായുള്ള തിരച്ചിലിനെത്തിയ നാവികസേനാംഗങ്ങള്‍ക്കു പോലും ക്രമാതീതമായ തണുപ്പ് കാരണം കായലിന് ഉള്ളിലേക്ക് പോകാന്‍ സാധിച്ചില്ല.) മറ്റ് ജലാശയങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രസിദ്ധമായ ശാസ്താംകോട്ട കായലിലെ കരിമീന്‍ ഉള്‍പ്പെടെയുള്ള നിരവധി മത്സ്യസമ്പത്തിന്റെ കേന്ദ്രമായിരുന്നു ഒരുകാലത്ത് ഇവിടം. കായലിന് പേര്‍ ലഭിച്ച തീരത്തെ ശാസ്താ ക്ഷേത്രത്തിലെ ഐതിഹ്യവുമായി ബന്ധപ്പെട്ട ഏട്ട എന്ന മത്സ്യവും ഇവിടെ ധാരാളമായി ഉണ്ട്.
അപകടം മുന്നില്‍
വളരെ നേരിയ സസ്യപ്ലവകങ്ങളുടെ പടലമാണ് ശാസ്താംകോട്ട തടാകത്തില്‍ കണ്ടെത്തിയിട്ടുള്ളത്. മലിനീകരണ സൂചകമായ ബാസിലാരോ ഫൈസിയെ വിഭാഗത്തിലുള്ളവയാണ് ഇവയിലധികവും. കൂടാതെ, 100 എം.എല്‍ വെള്ളത്തില്‍ 2000 മുതല്‍ 2600 വരെ കൊളിഫോംസ് അടങ്ങിയിട്ടുണ്ടെന്നും കൃത്യമായി കണ്ടെത്തിയിട്ടുണ്ട്. ഇത് കുടിവെള്ളത്തിന് അനുവദനീയമായ എല്ലാ സീമകളും ലംഘിക്കുന്നതാണ്. ഏറെ പ്രത്യേകതകളുള്ള ഈ ശുദ്ധജല തടാകം ഇന്ന് നാശത്തിന്റെ വക്കിലാണെന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്.
ശാസ്താംകോട്ട കായലിനെ മലിനീകരണത്തില്‍ നിന്ന്‍ സംരക്ഷിക്കാന്‍ നടപടികളില്ല. ഭരണിക്കാവ്, ശാസ്താംകോട്ട പട്ടണങ്ങളിലെ മലിനജലം ഒഴുകിയെത്തുന്നത് ഈ ശുദ്ധജല തടാകത്തിലാണ്. തടാകക്കരയില്‍ വസിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് പ്രാഥമിക സൌകര്യങ്ങള്‍ ഇല്ലാത്തതും കുളിക്കാനും നനക്കാനുമായി ഉപയോഗിക്കുന്ന ഡിറ്റര്‍ജന്റുകളും സോപ്പുകളും കായലിനെ മലിനപ്പെടുത്തുന്നു. തടാകത്തിന്റെ സൌന്ദര്യത്തിന് മാറ്റ് കൂട്ടിയിരുന്ന ചുറ്റുമുള്ള കാടുകളും മരങ്ങളും വെട്ടിവെളുപ്പിച്ച് അക്കേഷ്യയും റബ്ബറും നടുന്ന സര്‍ക്കാര്‍ പദ്ധതിയാണ് ഇവിടെ നടപ്പാക്കിയത്. അത് കായലിന് നാശമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവയെല്ലാം പൂര്‍ണ്ണമായി വെട്ടിക്കളഞ്ഞ് പഞ്ചായത്തിനെ കൊണ്ട് ലക്ഷങ്ങള്‍ ചെലവഴിപ്പിച്ച് മണ്ണൊലിപ്പ് തടയാനെന്ന വ്യാജേന കയര്‍ ഭൂവസ്ത്രം സ്ഥാപിക്കുകയാണ്. എന്നാല്‍, കഠിന ചൂടില്‍ ഈ കയര്‍ ഭൂവസ്ത്രം കത്തിനശിക്കുകയും കുന്നുകളില്‍ നിന്നും മണ്ണൊലിച്ച് കായലില്‍ എത്തുന്നത് കായലിന് ഭീഷണിയായിരിക്കുകയുമാണ്. കായലിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കൃഷിയും കയ്യേറ്റവും വ്യാപകമാണ്. ഇതുമൂലം മേല്‍മണ്ണ് ഇളകി തടാകത്തിന്റെ ആഴം മുന്‍പ് ഉണ്ടായിരുന്ന 30-35 മീറ്ററില്‍ നിന്ന് 12-14 മീറ്ററായി കുറഞ്ഞു. വെള്ളത്തിന്റെ ഊഷ്മാവ് വര്‍ധിച്ചത് ജലസസ്യങ്ങളുടേയും മത്സ്യങ്ങളുടേയും നിലനില്‍പ്പിനെ ബാധിക്കുന്നു. സെപ്ടിക് ടാങ്കുകളിലെ മനുഷ്യ വിസര്‍ജ്യം ടാങ്കര്‍ ലോറികളില്‍ തടാകതീരത്ത് ഒഴുക്കുന്നത് ഇവിടെ ആവര്‍ത്തിക്കുന്നു. ഇതിന്റെ അന്വേഷണം ഊര്‍ജിതമാക്കി പ്രതികളെ പിടിക്കുന്നതിന് നടപടിയില്ല.
തടാകത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് പടിഞ്ഞാറേ കല്ലട ഗ്രാമത്തില്‍ നിന്നും ബണ്ട് റോഡ് കൊണ്ട് വേര്‍തിരിച്ചിരിക്കുന്നു. ഒരിക്കല്‍ കുന്നത്തൂരിന്റെ നെല്ലറയായിരുന്നു പടിഞ്ഞാറേ കല്ലട ഗ്രാമങ്ങള്‍. വര്‍ഷം മുഴുവന്‍ ജലസമൃദ്ധമായിരുന്ന ഈ നെല്‍വയലുകളില്‍ നിന്ന്‍ തടാകത്തിലേക്ക് ജലം ഒഴുകിയെത്തിയിരുന്നു. ചെളിയുടേയും മണലിന്റേയും ഖനി ഈ പാടശേഖരങ്ങളില്‍ കണ്ടെത്തിയതോടെ അത് പരമാവധി ചൂഷണം ചെയ്ത് പടിഞ്ഞാറേ കല്ലട വന്‍ ഗര്‍ത്തങ്ങളായി മാറിയിരിക്കുന്നു. ഈ ഗര്‍ത്തങ്ങളിലേക്ക് കായലില്‍ നിന്നും വെള്ളം തിരിഞ്ഞ് ഒഴുകുന്നതും കായല്‍ നശിക്കാനുള്ള കാരണമായി.
സര്‍ക്കാര്‍ കാര്യം ...
ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന ഈ ശുദ്ധജല തടാകത്തെ സംരക്ഷിക്കാനുള്ള ചുമതലയില്‍ നിന്നും സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നതാണ് ജനങ്ങള്‍ക്ക് പറയാനുള്ളത്. കോടിക്കണക്കിന് രൂപ വിവിധ പദ്ധതികള്‍ വഴി പ്രഖ്യാപിക്കുകയും നാമമാത്രമായ തുക ചെലവഴിക്കുകയുമാണ് ചെയ്തിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പ്രതിനിധികള്‍ നിരവധി തവണ കായല്‍ സന്ദര്‍ശിക്കുകയും തുടര്‍ന്ന്‍ പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്യുന്നത് ജനങ്ങള്‍ കണ്ടുമടുത്ത സ്ഥിരം കാഴ്ചകളായി മാറുകയാണ്. 1998ല്‍ കോഴിക്കോട്ടെ ജലവിഭവ വികസന മാനെജ്മെന്റ് കേന്ദ്രം കായല്‍ സന്ദര്‍ശിച്ച് 3.13 കോടി രൂപയുടെ ‘മാനെജ്മെന്റ് ആക്ഷന്‍ പ്ലാന്‍’ എന്ന പ്രോജക്ട് തയ്യാറാക്കി. തുടര്‍ന്ന് 2000ല്‍ വനം-പരിസ്ഥിതി വകുപ്പ് 8.69 കോടി രൂപയുടെ പ്രോജക്ട് ഉണ്ടാക്കുകയും ചെയ്തു.
2002ല്‍ കേന്ദ്ര സര്‍ക്കാര്‍ കായല്‍ സംരക്ഷണത്തിനായി 40 ലക്ഷം രൂപ അനുവദിച്ചെങ്കിലും അതിന്റെ ആദ്യഗഡു ഉപയോഗിച്ച് തടാകതീരത്ത് ഒരു കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിക്കുക മാത്രമാണ് ചെയ്തത്. 2007ല്‍ അനുവദിച്ച ഇതിന്റെ രണ്ടാം ഗഡുവായ 16,23,000 രൂപ സമരങ്ങളുടെ ഭാഗമായി മണ്ണ് സംരക്ഷണ വകുപ്പിന് കൈമാറി. ഈ തുകയും ഫലപ്രദമായി ചെലവഴിച്ചില്ല. എന്നാല്‍, ഈ തുക മുഴുവന്‍ കായല്‍ സംരക്ഷണത്തിന് ചെലവഴിച്ചതായി കേരള സര്‍ക്കാര്‍ സത്യവാങ്ങ്മൂലം നല്‍കിയതായി തടാക സംരക്ഷണ സമിതി ചെയര്‍മാന്‍ കെ. കരുണാകരന്‍ പിള്ള ആരോപിക്കുന്നു. വനം വകുപ്പിന്റെ 2000ത്തിലെ പ്രോജക്ട് 2005ല്‍ വിപുലീകരിച്ച് 25 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു. 2005 മാര്‍ച്ച് ഏഴിന് ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസില്‍ വച്ച് അന്നത്തെ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ ശാസ്താംകോട്ടയെ ഹരിതഗ്രാമമായി പ്രഖ്യാപിച്ചു. തുടര്‍ന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ താല്‍പ്പര്യ പ്രകാരം ഒന്നരക്കോടി രൂപ കുളിക്കടവുകള്‍ വേര്‍തിരിക്കാനും മണ്ണൊലിപ്പ് തടയാനുമായി പ്രഖ്യാപിച്ചെങ്കിലും ഇവയൊന്നും ചെലവഴിക്കാന്‍ നടപടി ഉണ്ടായില്ല.
2008 ജൂലൈയില്‍ ശാസ്താംകോട്ട തടാകത്തിന് 67 ലക്ഷം, അഷ്ടമുടി കായലിന് 66 ലക്ഷം, വേമ്പനാട് കായലിന് 67 ലക്ഷം രൂപയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നിയമസഭ പാസ്സാക്കിയെങ്കിലും ഈ തുക ചെലവഴിക്കാന്‍ ഒരു വകുപ്പിനും പണം കൈമാറിയിട്ടില്ല. ഇത് കൂടാതെ, കേന്ദ്ര സര്‍ക്കാര്‍ തടാക സംരക്ഷണത്തിന് 16.23 ലക്ഷം രൂപ പ്രഖ്യാപിച്ചെങ്കിലും അതും ചെലവഴിക്കാന്‍ നടപടിയില്ല. ഇതിനെതിരെ നടത്തിയ പ്രക്ഷോഭങ്ങളുടെ ഭാഗമായി 2010ല്‍ തടാക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ 21 ദിവസത്തെ സത്യാഗ്രഹത്തിന്റെ ഫലമായി 2010 മേയ് 12ന് അന്നത്തെ ജലസേചനവകുപ്പ് മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍, വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വം, റവന്യൂവകുപ്പ് മന്ത്രി കെ.പി രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്ത് ഒത്തുതീര്‍പ്പ് വ്യവസ്ഥയുണ്ടാക്കി. ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ 4.92 കോടി രൂപയുടെ പുതിയ പദ്ധതിയുണ്ടാക്കി 2010 ഡിസംബറില്‍ സര്‍ക്കാര്‍ അംഗീകരിച്ചുവെങ്കിലും ഇപ്പോഴും സര്‍ക്കാറിന്റെ പരിഗണനയില്‍ ഇരിക്കുകയാണ്. തുടര്‍നടപടികളില്ലാത്ത സാഹചര്യത്തില്‍ 2013 ജനുവരിയില്‍ കേരള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കേന്ദ്രമന്ത്രി ജയറാം രമേഷ് 2010ലെ പദ്ധതി നടപ്പിലാക്കാനായി 5 കോടി രൂപാ കൂടി അനുവദിച്ച് പ്രഖ്യാപനം നടത്തി.
ദശലക്ഷക്കണക്കിന് വെള്ളം കൊല്ലത്തും പരിസര പ്രദേശങ്ങളിലേക്കും പമ്പ് ചെയ്യുമ്പോള്‍ തടാകക്കരയിലെ ജനങ്ങള്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുകയാണ്. ഇതിനെതിരെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന നിരാഹാര സമരം ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്.