മുഖ്യമന്ത്രിയുടെ ഖേദപ്രകടനം ഉയര്‍ത്തുന്ന എട്ടു ചോദ്യങ്ങള്‍

Thu, 09-05-2013 12:15:00 PM ;

അന്തർസംസ്ഥാന നദീജല കരാറുകളുമായി ബന്ധപ്പെട്ട് കേരളകൗമുദി, മാതൃഭൂമി, മലയാളമനോരമ എന്നീ പത്രങ്ങൾ  തമിഴ്‌നാടിന് അനുകൂലമായി വാർത്തകൾ നല്കിയെന്നുള്ള ഇന്റലിജൻസ്‌ റിപ്പോർട്ടിലെ ആരോപണങ്ങൾക്ക് തെളിവുകൾ ഇല്ലെന്ന് ഇത് സംബന്ധിച്ച് അന്വേഷിച്ച ചീഫ് സെക്രട്ടറിയുടെ കണ്ടെത്തല്‍. അതായത് സംസ്ഥാന ഇന്റലിജൻസിന്റെ ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് തെറ്റായിരുന്നുവെന്ന്‍. തുടര്‍ന്ന് മുഖ്യമന്ത്രി പത്രങ്ങളോട് ഖേദപ്രകടനം നടത്തുകയും ചെയ്തു. പത്രപ്രവര്‍ത്തകര്‍ തമിഴ്‌നാട് സർക്കാരിന്റെ ആനുകൂല്യങ്ങൾ കൈപ്പറ്റിക്കൊണ്ടാണ് ഇവ്വിധം വാർത്തകൾ പ്രസിദ്ധീകരിച്ചതെന്നുമായിരുന്നു ആരോപണം. ഇതിനെതിരെയാണ് മൂന്നു പത്രങ്ങളും രേഖാമൂലം ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്. തുടർന്ന്‍  മൂന്നു ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു.

 

ഈ ആരോപണം വളരെ ശരിയാണെന്നും തന്റെ പക്കല്‍  തെളിവുകളുണ്ടെന്നും ചീഫ് വിപ്പ് പി.സി ജോർജ് പലകുറി വിവിധ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് പറയുകയുണ്ടായി. ഈ പശ്ചാത്തലത്തില്‍ ഇവിടെ കാതലായ ചില മൗലിക പ്രശ്‌നങ്ങൾ ഉയർന്നുവരുന്നു.

 

1) കേരളവും തമിഴ്‌നാടും തമ്മിലുള്ള അന്തർസംസ്ഥാന നദീജലപ്രശ്‌നത്തില്‍ മാധ്യമങ്ങൾ നല്‍കേണ്ടത് വസ്തുതയാണോ അതോ കേരളത്തിലെ പത്രങ്ങൾ കേരളത്തിന് അനുകൂലമായ വിധമാണോ. രണ്ടു സംസ്ഥാനങ്ങളില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരേ പത്രങ്ങൾ അങ്ങിനെയെങ്കില്‍ ഒരേ വിഷയത്തില്‍ രണ്ടുവിധം റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുമോ?

 

2) തമിഴ്‌നാട് സർക്കാരിന്റെ ആനുകൂല്യം കേരളത്തിലെ പത്രങ്ങളുടെ പ്രതിനിധികൾ കൈപ്പറ്റി എന്നത് സംബന്ധിച്ച് തെളിവ് ശേഖരിക്കാനും അന്തിമ തീരുമാനത്തിലെത്താനും ചീഫ് സെക്രട്ടറിക്ക് മൂന്നു ദിവസം മതിയോ?

 

3) സംസ്ഥാന ഇന്റലിജൻസിന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി മിക്കപ്പോഴും മുഖ്യവാർത്തകളുൾപ്പടെ പത്രങ്ങളുൾപ്പടെയുള്ള മാധ്യമങ്ങൾ പ്രസിദ്ധപ്പെടുത്താറുണ്ട്. അത്തരം റിപ്പോർട്ടുകൾ ഇനിമുതല്‍ അടിസ്ഥാനരഹിതമെന്നു കണ്ടാല്‍ മതിയോ?

 

4) ഉത്തരവാദിത്വരഹിതമായ രീതിയില്‍ സര്‍ക്കാറിനേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിക്കുകയും മാധ്യമങ്ങളുടെ വിശ്വാസ്യതയെ തകർക്കുകയും ചെയ്യുന്ന വിധം പ്രവർത്തിച്ച, അതായത് ജനാധിപത്യത്തിനെ ദുർബലപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ച,  ഇന്നത്തെ ഇന്റലിജൻസ് വകുപ്പ് ഈ രീതിയില്‍ തുടരുന്നത് സംസ്ഥാനത്തന് ദോഷകരമല്ലേ?

 

5) സര്‍ക്കാറിന്റെ ഭാഗമാണ് ചീഫ് വിപ്പ്. പ്രോട്ടോക്കോൾ പ്രകാരം മന്ത്രിക്ക് തത്തുല്യം. ആ നിലയിലുള്ള ചീഫ് വിപ്പ് പി.സി ജോർജ് പറഞ്ഞ സര്‍ക്കാറിന്റെ അഭിപ്രായം തെറ്റാണോ? അതോ എം.എല്‍.എയ്ക്കു തത്തുല്യമായ ചീഫ് സെക്രട്ടറിയുടെ അന്വേഷണറിപ്പോർട്ടാണോ വിശ്വാസ്യം?

 

6) ഉന്നയിക്കപ്പെട്ട ആരോപണങ്ങൾക്ക് തന്റെ പക്കല്‍ തെളിവുണ്ടെന്നാണ് പി.സി ജോർജ് പറഞ്ഞിട്ടുള്ളത്. ആ നിലയ്ക്ക് ചീഫ് സെക്രട്ടറി ജോർജിന്റെ കൈവശമുള്ള തെളിവ് പരിശോധിച്ചതിനു ശേഷമാണോ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്?

 

7) ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടില്‍ തെളിവുകൾ കണ്ടെത്താനായില്ല എന്നാണെങ്കില്‍ ചീഫ് വിപ്പ് ബോധപൂർവം കളവു പറഞ്ഞതാണെന്ന്‍ സർക്കാർ തന്നെ സമ്മതിക്കുകയല്ലേ?

 

8) കേരളവും തമിഴ്‌നാടും പരസ്പരം വിവരങ്ങൾ ശേഖരിക്കുന്നത് ഇന്ത്യൻ യൂണിയന്റെ കീഴില്‍ ചാരപ്രവർത്തനത്തിന്റെ പരിധിയില്‍ വരുമോ?

 

ഒരു കാര്യം വളരെ വ്യക്തമാകുന്നു. സര്‍ക്കാറിന്റേയും മാധ്യമങ്ങളുടേയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. ഇന്റലിജൻസ് വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി കേരളത്തിലെ മാധ്യമങ്ങൾ ഇനി എന്തെങ്കിലും റിപ്പോർട്ട് ചെയ്യുന്ന പക്ഷം അതു വെറും ഊഹാപോഹമെന്നോ, അടിസ്ഥാനരഹിതമെന്നോ മറ്റോ വിശ്വസിക്കാനേ നിവൃത്തിയുള്ളു. ഇത്തരത്തില്‍ തെറ്റായ വിവരങ്ങൾ ലഭ്യമാക്കുന്ന ഇന്റലിജൻസ് വകുപ്പ് സംസ്ഥാനത്തിന് ആപത്താണ്. കാരണം ഈ വിവരങ്ങള്‍ സര്‍ക്കാറിന് തീരുമാനങ്ങൾ കൈക്കൊള്ളാൻ ഉപോല്‍ബലകമാകേണ്ടവയാണ്. ഈ അനാരോഗ്യകരമായ സ്ഥിതിവിശേഷം എങ്ങിനെ ഉണ്ടായി എന്നുള്ളത് അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിലൂടെ ജനസമക്ഷം അവതരിപ്പിക്കാനുള്ള ബാധ്യത മറ്റാരേക്കാളും ആരോപണത്തിനു വിധേയമായ പത്രങ്ങൾക്കുണ്ട്. ഉത്തരവാദിത്വമുള്ള മാധ്യമങ്ങൾ എന്ന നിലയ്ക്ക് അത്തരം റിപ്പോർട്ടുകള്‍ ഉണ്ടാവുമെന്നും ദൂരൂഹതകൾ ഒഴിവാകുമെന്നും പ്രതീക്ഷിക്കാം.

Tags: