തകര്‍ന്ന ഭരണവും തളര്‍ന്ന പ്രതിപക്ഷവും

Wed, 01-05-2013 01:00:00 PM ;

കേന്ദ്രത്തിലെ യു.പി.എ. സര്‍ക്കാറിന് ഇനിയും ഒരുവര്‍ഷത്തിലധികം കാലാവധിയുണ്ട്. എന്നാല്‍ ദില്ലിയിലെ രാഷ്ട്രീയം ഇതിനകം പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള  ഓട്ടപ്പന്തയമായി തീര്‍ന്നിരിക്കുന്നു. രാഷ്ട്രശരീരത്തെ ബാധിച്ചിരിക്കുന്ന പലയിനം രോഗങ്ങളുടെ ലക്ഷണങ്ങള്‍ കൂടുതല്‍ കൂടുതല്‍ പ്രകടമായി വരുമ്പോഴും പരിഹാരങ്ങളല്ല, അധികാരമാണ് ഇരുപക്ഷത്തിന്റേയും കണക്കുകൂട്ടലുകളില്‍ മുഖ്യപരിഗണന.

 

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സി.ബി.ഐക്ക് മേല്‍ കേന്ദ്രം നടത്തിയ ഇടപെടല്‍ സുപ്രീം കോടതിയില്‍ സി.ബി.ഐ. തന്നെ സമ്മതിക്കുകയും കോടതി നിശിതമായ ഭാഷയില്‍ സി.ബി.ഐയേയും കേന്ദ്രത്തേയും വിമര്‍ശിക്കുകയും ചെയ്തു. ഈ വിഷയത്തിലും ടു ജി സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട സംയുക്ത പാര്‍ലിമെന്ററി സമിതിയുടെ റിപ്പോര്‍ട്ടിനെ ചൊല്ലിയും പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ചേര്‍ന്ന നാള്‍ മുതല്‍ പ്രതിപക്ഷം സ്തംഭിപ്പിക്കുകയാണ്. തിങ്കളാഴ്ച ഒന്നര മണിക്കൂര്‍ നേരത്തേക്ക് സഭ ചേര്‍ന്ന് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ധനബില്‍ പാസ്സാക്കി പിരിഞ്ഞു. പ്രതിപക്ഷം ഇറങ്ങിപ്പോയതിനാല്‍ ചര്‍ച്ച കൂടാതെയാണ് ബില്‍ പാസ്സാക്കിയത്.

 

ജനപ്രതിനിധികളുടെ സമ്മേളന സ്ഥലം എന്ന നിലയില്‍ പാര്‍ലിമെന്റില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാല്‍ പ്രാഥമികമായി പാര്‍ലിമെന്റ് രാഷ്ട്രത്തിന്റെ നിയമനിര്‍മ്മാണ കേന്ദ്രമാണ്. രാഷ്ട്രത്തിന് മുന്നിലുള്ള വെല്ലുവിളികള്‍ക്ക് നിയമനിര്‍മ്മാണങ്ങളിലൂടെ പരിഹാരം കണ്ടെത്തുക എന്നതാണ് പാര്‍ലിമെന്ററി പ്രവര്‍ത്തനത്തിലെ ക്രിയാത്മകതയും സര്‍ഗാത്മകതയും. ഉദാഹരണത്തിന് സി.ബി.ഐ. വിഷയത്തില്‍ പ്രതിപക്ഷത്തിന് പാര്‍ലിമെന്റില്‍ മുന്നോട്ട് വെക്കാവുന്നത് മന്ത്രിയുടെ രാജി ആവശ്യത്തെക്കാളേറെ ഏജന്‍സിക്ക് ഭരണഘടനാപരമായ പരിരക്ഷ നല്‍കുന്നതിനുള്ള ചര്‍ച്ചകളാണ്. എന്നാല്‍ നികുതിദായകര്‍ക്കൊഴിച്ച് ആര്‍ക്കും അസൌകര്യമുണ്ടാക്കാത്ത ഇറങ്ങിപ്പോക്കും സ്തംഭനവും വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന എന്നാല്‍ ഫലം നല്‍കാത്ത ക്രിയകളാണ്.

 

പാര്‍ലിമെന്റില്‍ ചര്‍ച്ചയും വോട്ടെടുപ്പും ഒഴിവാക്കുക വഴി പ്രതിപക്ഷം യഥാര്‍ത്ഥത്തില്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നത് തങ്ങളുടെ തന്നെ ദൗര്‍ബല്യമാണ്. നരേന്ദ്ര മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായുള്ള രംഗപ്രവേശം മുഖ്യപതിപക്ഷ കക്ഷിയായ ബി.ജെ.പിക്കകത്തും ബി.ജെ.പി. നേതൃത്വത്തിലുള്ള മുന്നണി എന്‍.ഡി.എക്കകത്തും തര്‍ക്കങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നു. പ്രാദേശിക കക്ഷികള്‍ മൂന്നാം മുന്നണി രൂപീകരണത്തിനുള്ള സാധ്യതകള്‍ ആരായുന്നു. തിരഞ്ഞെടുപ്പിന് ശേഷം തൂക്കു സഭ നിലവില്‍ വന്നേക്കാവുന്ന സാഹചര്യത്തില്‍ വിലപേശല്‍ ശക്തി വര്‍ധിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഭരണപക്ഷത്തിനെതിരെ ഒരുമിച്ച് ചേര്‍ന്ന് ഒച്ചയിടുന്നതിലൂടെ തങ്ങളുടെ ആന്തരിക വൈരുധ്യങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമമാണ് പ്രതിപക്ഷത്തെ ഓരോ പാര്‍ട്ടിയും നടത്തുന്നത്.

 

ഭരണപക്ഷത്താകട്ടെ, ഒന്നിന് പിറകെ ഒന്നായി വരുന്ന ആഘാതങ്ങള്‍ സര്‍ക്കാറിനെ ഏറെക്കുറെ തളര്‍ത്തിയിരിക്കുന്നു. ഭരണത്തിലെ കെടുകാര്യസ്ഥതയാണ് ടു ജി സ്പെക്ട്രത്തിന്റേയും കല്‍ക്കരിപ്പാടത്തിന്റേയും വിതരണത്തിലെ പാളിയ നയങ്ങള്‍ക്ക് കാരണം. പ്രധാനമന്ത്രിയുടെ വിശ്വാസ്യത എന്ന ചീട്ട് ഇനി സര്‍ക്കാറിന് ഇറക്കാനാവില്ല. തുറുപ്പുചീട്ടാവുമെന്ന് കരുതിയ സബ്സിഡിക്ക് പകരം പണം പോലുള്ള പദ്ധതികളാകട്ടെ ക്ലിക്കായിട്ടുമില്ല. പത്ത് വര്‍ഷത്തെ ഭരണവിരുദ്ധ വികാരം മറികടക്കാന്‍ പ്രത്യേകിച്ച് വഴിയൊന്നും മുന്നിലില്ലാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍.

 

രാഷ്ട്രീയ അനിശ്ചിതാവസ്ഥകള്‍ ഒരു പരിധി വരെ ജനാധിപത്യത്തില്‍ ഒഴിവാക്കാന്‍ ആകില്ല. ചിലപ്പോഴെങ്കിലും ജനാധിപത്യത്തിന്റെ ശക്തിയും ഈ അനിശ്ചിത സ്വഭാവം തന്നെയാണ്. എന്നാല്‍, അനിശ്ചിതാവസ്ഥകളില്‍ നിന്ന് രാഷ്ട്രത്തെ മുന്നോട്ട് കൊണ്ടുപോകേണ്ട ചുമതല രാഷ്ട്രീയ നേതൃത്വത്തില്‍ അര്‍പ്പിതമാണ്. അല്ലായെങ്കില്‍ ജനങ്ങളില്‍ അരക്ഷിതാവസ്ഥ വളരുകയാകും ഫലം. ഈ അരക്ഷിതാവസ്ഥയാണ് സ്വേച്ഛാധിപതികളെ വളര്‍ത്തുന്നത്.

Tags: