Kozhikode
കോഴിക്കോട്: കൊലപാതകങ്ങളെക്കുറിച്ച് അറിയാമായിരുന്നെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു പോലീസിന് മൊഴി നല്കി. ജോളി തന്നെയും വധിക്കുമെന്ന് പേടിച്ചിരുന്നു അതുകൊണ്ടാണ് ഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന വിവരം പുറത്തു പറയാതിരുന്നതെന്നും ഷാജു ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ജോളി തന്റെ മകനെയും കൊല്ലുമൊ എന്നും പേടിച്ചിരുന്നു.അതു കൊണ്ടാണ് അവനെ കൂടത്തായിയിലെ വീട്ടില്‍ നിര്‍ത്താതിരുന്നത്. ജോളിയെ പേടിച്ച് താമരശേരിയിലെ സ്കൂളില്‍ നിന്നും മകനെ േമറ്റൊരിടത്തേക്ക് മാറ്റിയെന്നും ഷാജു പൊലീസിനെ അറിയിച്ചു. ജോളിക്ക് വലിയ സ്വാധീനമുള്ള സുഹൃത്തുക്കളുണ്ടായിരുന്നുവെന്നും ഷാജു മൊഴി നല്കി. എന്നാല്‍ ഓമശ്ശേരിയിലെ ദന്താശുപത്രിയില്‍ കുഴഞ്ഞുവീണ സിലിയെ എന്തുകൊണ്ട് തൊട്ടടുത്ത താലൂക്ക് ആശുപത്രിയിലെത്തിച്ചില്ല എന്ന ചോദ്യത്തിന് ഷാജു മറുപടി നല്‍കിയില്ല.
ഒന്നരമണിക്കൂര്‍ നേരം നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ഷാജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെയാണ് ഷാജുവിനെ ചോദ്യം ചെയ്യാന്‍ പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചത്. ചോദ്യം ചെയ്യലില്‍ ഷാജുവിനെതിരെ നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഷാജുവിനെ ഇപ്പോള്‍ വടകര എസ് പി ഓഫീസിലേക്ക് എത്തിച്ചിരിക്കുകയാണ്. എസ്പി ഉടന്‍ ഷാജുവിനെ ചോദ്യം ചെയ്യും. ഷാജുവിന്റെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും എന്നാണ് സൂചന.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രൈംബ്രാഞ്ചിന്റെ കൃത്യമായ നിരീക്ഷണത്തിലായിരുന്നു ഷാജു ഉണ്ടായിരുന്നത്. ജോളിയെ അറസ്റ്റ് ചെയ്തിട്ടും പൊലീസ് സംഘം ഇവിടെ നിന്നും പിന്മാറിയിരുന്നില്ല. കഴിഞ്ഞ ആറ് ദിവസമായി ഷാജുവിന്റെ വീട് കര്‍ശന പൊലീസ് നിരീക്ഷണത്തിലായിരുന്നു. പ്രദേശത്ത് പൊലീസിന്റെ സജീവസാന്നിധ്യമുണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ജോളിയുടെ നിര്‍ണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്തത്.