സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട് തുടക്കം

Thu, 15-01-2015 03:53:00 PM ;
കോഴിക്കോട്

kerala school kalolsavamഅന്‍പത്തി അഞ്ചാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട് കൊടിയേറി. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാന വേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നിര്‍വ്വഹിക്കും. കലോത്സവത്തിലെ ലളിതഗാന മത്സരവിജയി ആയിരുന്ന പ്രമുഖ ഗായകന്‍ കെ.ജെ യേശുദാസാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യാഥിതി.

 

ഡി.പി.ഐ ഗോപാലകൃഷ്ണഭട്ട് രാവിലെ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ കലോത്സവത്തിന് പതാക ഉയര്‍ത്തി. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഉച്ചയ്ക്ക് 2.30-ഓടെ കോഴിക്കോട് ബീച്ചില്‍ നിന്നും സാംസ്കാരിക ഘോഷയാത്ര ആരംഭിച്ചു. നിരവധി ഫ്ലോട്ടുകളുമായി 50 സ്കൂളുകളില്‍ നിന്നായി ആറായിരത്തോളം കുട്ടികളാണ് വര്‍ണ്ണാഭമായ ഘോഷയാത്രയില്‍ അണിനിരന്നിട്ടുള്ളത്.

 

ഉദ്ഘാടനത്തിന് ശേഷം പ്രധാനവേദിയില്‍ മോഹിനിയാട്ട മത്സരത്തോടെ കലയുടെ രാവുകളും പകലുകളും ഉണരും. ഇന്ന്‍ പത്ത് ഇനങ്ങളില്‍ മത്സരം ആരംഭിക്കും. 17 വേദികളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക. 232 ഇനങ്ങളില്‍ 11,000 കലാപ്രതിഭകളാണ് ജനുവരി 21 വരെ നടക്കുന്ന കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.

 

കലോത്സവത്തിന്റെ സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.

Tags: