ഹൈക്കോടതി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ നിയമബിരുദമടക്കമുള്ള കര്‍ശന വ്യവസ്ഥകള്‍

Fri, 18-11-2016 12:09:24 PM ;

കോടതി റിപ്പോർട്ടിങ് പരിചയമുള്ള നിയമ ബിരുദധാരികൾക്കു മാത്രമായി ഹൈക്കോടതിയില്‍ നിന്ന്‍ വാർത്തകൾ റിപ്പോർട്ട്‌ ചെയ്യാനുള്ള റഗുലർ,താൽക്കാലിക അക്രഡിറ്റേഷൻ പരിമിതപ്പെടുത്തിക്കൊണ്ടു ഹൈക്കോടതി ഫുൾകോർട്ട് സമിതി വ്യവസ്ഥകൾ ഏർപ്പെടുത്തി.

റെഗുലർ അക്രഡിറ്റേഷന്‌ കോടതി വാർത്തകൾ റിപ്പോർട്ട്‌ ചെയ്ത്‌ അഞ്ചു വർഷത്തെ പരിചയം വേണമെന്നും ഇതിൽ മൂന്നര വർഷം സുപ്രീം കോടതിയിലെയോ ഹൈക്കോടതികളിലെയോ വാർത്തകൾ റിപ്പോർട്ടു ചെയ്തു പരിചയം വേണമെന്നും വ്യവസ്ഥയിലുണ്ട്‌. കൂടാതെ ആറു മാസം കേരള ഹൈക്കോടതിയിൽ താൽകാലിക അക്രഡിറ്റേഷനിൽ റിപ്പോർട്ടറായി ജോലി നോക്കിയവരാകണമെന്നും പറഞ്ഞിട്ടുണ്ട്‌. ഈ വിഭാഗത്തിൽ അപേക്ഷിക്കാൻ ദൃശ്യമാധ്യമങ്ങളിലെ റിപ്പോർട്ടർമാർക്ക്‌ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം വേണം.

താൽകാലിക അക്രഡിറ്റേഷനു നിയമ ബിരുദത്തിനു പുറമേ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം വേണം. ഇതിൽ ഒരു വർഷം ഇന്ത്യയിലെ ഏതെങ്കിലും ഹൈക്കോടതിയിൽ റിപ്പോർട്ടറായി ജോലി നോക്കിയിരിക്കണം. മൂന്നു വർഷത്തേക്കാണ്‌ താൽകാലിക അക്രഡിറ്റേഷൻ അനുവദിക്കുക.

 

ഈ രണ്ടു വിഭാഗങ്ങൾക്കു പുറമേ ഏതെങ്കിലും പ്രത്യേക കേസ്‌ റിപ്പോർട്ട്‌ ചെയ്യാനോ ഒരു ദിവസത്തേക്കോ താൽകാലിക റിപ്പോർട്ടിങ്ങിന്‌ രജിസ്ട്രാറുടെ അനുമതി തേടാനും കഴിയും. അക്രഡിറ്റേഷൻ ലഭിക്കുന്ന മാദ്ധ്യമ പ്രവർത്തകർക്ക്‌ തിരിച്ചറിയൽ കാർഡ്‌ നൽകും.

 

നിലവിലുള്ള റിപ്പോർട്ടർമാർ പ്രത്യേക അപേക്ഷ നൽകിയാൽ ആറു മാസത്തേക്ക്‌ അനുമതി നൽകും. ഇക്കാലയളവിൽ അക്രഡിറ്റേഷന്‌ അപേക്ഷിക്കണം. ഹൈക്കോടതി നിഷ്കർഷിച്ച യോഗ്യത ഇല്ലെങ്കിൽ ഇവരെ മാറ്റി മാദ്ധ്യമ സ്ഥാപനം യോഗ്യതയുള്ളവരെ നിയമിക്കണം. ഒരു സ്ഥാപനത്തിൽ നിന്ന്‌ രണ്ടു പേർക്ക്‌ അക്രഡിറ്റേഷൻ നൽകും. അക്രഡിറ്റേഷൻ ഉള്ളവർക്കു വിധിന്യായങ്ങളുടെ സൗജന്യ പകർപ്പിന് അർഹതയുണ്ടാവും.
 

പ്രത്യേക കാരണങ്ങളാൽ അർഹരായ അപേക്ഷകർക്കു ചട്ടത്തിൽ ഇളവനുവദിക്കാൻ ചീഫ് ജസ്റ്റിസിന് അധികാരമുണ്ടാകുമെന്നും ജഡ്ജിമാരുടെ സമിതിയാണ്‌ അക്രഡിറ്റേഷൻ അപേക്ഷകൾ പരിഗണിച്ച്‌ ശുപാർശ നൽകുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്‌. കാരണം പറയാതെ ഏതുസമയവും അക്രഡിറ്റേഷൻ റദ്ദാക്കാനും ചീഫ് ജസ്റ്റിസിന് അധികാരം ഉണ്ടാകും.

Tags: