അല്‍ഫോണ്‍സ് കണ്ണന്താനം ചണ്ഡിഗഡ് അഡ്മിനിസ്ട്രെറ്റര്‍

Wed, 17-08-2016 12:39:17 PM ;

മുന്‍ ഐ.എ.എസ് ഓഫീസറും സംസ്ഥാനത്ത് നിന്നുള്ള ബി.ജെ.പി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡിഗഡിന്‍റെ അഡ്മിനിസ്ട്രെറ്റര്‍ ആയി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. അതേസമയം, പതിവില്‍ നിന്ന്‍ വ്യത്യസ്തമായി പഞ്ചാബ് ഗവര്‍ണറുടെ പദവി കണ്ണന്താനത്തിന് നല്‍കിയിട്ടില്ല. രണ്ട് പദവികളും ഒരാള്‍ വഹിക്കുന്നതായിരുന്നു കീഴ്വഴക്കം. നിലവിലെ പഞ്ചാബ് ഗവര്‍ണര്‍ കപ്താന്‍ സിങ്ങ് സോളങ്കി പദവിയില്‍ തുടരുമെന്നാണ് അറിയുന്നത്.

 

2006-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം സ്ഥാനാര്‍ഥിയായി ചങ്ങനാശ്ശേരിയില്‍ നിന്ന്‍ ജയിച്ച കണ്ണന്താനം 2011-ല്‍ കാലാവധി തീര്‍ന്നയുടന്‍ ബി.ജെ.പിയില്‍ ചേരുകയായിരുന്നു. പാര്‍ട്ടിയുടെ ദേശീയ നിര്‍വ്വാഹക സമിതി അംഗമായ അദ്ദേഹം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊതു വിതരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിരുന്നത്.

 

കോട്ടയം കളക്ടര്‍ ആയിരിക്കെ ജില്ലയുടെ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചയാളാണ് കണ്ണന്താനം. ഡല്‍ഹി വികസന അതോറിറ്റി കമ്മീഷണര്‍ ആയിരിക്കെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി ശ്രദ്ധേയനായിരുന്നു.   

Tags: