ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സി.പി.ഐ.എമ്മിന്‍റെ നിലപാടിനെതിരെ രംഗത്ത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുരോഗമനപരമാണെന്നും റിപ്പോര്‍ട്ടിലെ പ്രായോഗിക വശങ്ങള്‍ കര്‍ഷകരുമായി ആലോചിച്ച് നടപ്പാക്കണമെന്നുമാണ് യൂണിവേഴ്‌സിറ്റി കോളേജ് ധനതത്വശാസ്ത്ര വിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവെ വി.എസ് ആവശ്യപ്പെട്ടത്.
ഗുജറാത്ത് മുതല്‍ കന്യാകുമാരി വരെ 1540 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രദേശമാണ് പശ്ചിമഘട്ടം. ഒരു ജലഗോപുരം എന്ന നിലയില്‍ കണക്കാക്കപ്പെടുന്ന ഈ പ്രദേശത്തെ നേരിട്ട് ജീവസന്ധാരണത്തിനായി ഉപയോഗപ്പെടുത്തുന്ന 25 കോടി ജനങ്ങളുണ്ട്. അതുകൊണ്ട്തന്നെ വൈകാരിക പ്രതികരണങ്ങള്‍ക്കപ്പുറം റിപ്പോര്‍ട്ടിലെ വസ്തുതകള്‍ ജനം മനസ്സിലാക്കണം. അപ്പോള്‍ മാത്രമെ പശ്ചിമ ഘട്ട സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകൂ. സ്വന്തം ഉപജീവനത്തെ കുറിച്ച് മാത്രമല്ല പരിസ്ഥിതിയെ കുറിച്ചും ജനം ആകുലരാണെന്നും പശ്ചിമ ഘട്ടത്തിന്റെ സംരക്ഷണത്തിനായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ വ്യവസ്ഥകള്‍ ആലോചിച്ച് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍ പാര്‍ട്ടി നിലപാടിനെതിരായ സമീപനമാണ് വി.എസ് സ്വീകരിച്ചിട്ടുള്ളത്. പശ്ചിമ ഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കാള്‍ താരതമ്യേന കടുത്ത വ്യവസ്ഥകളില്ലാത്ത കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ വി.എസ് നേരത്തെ രംഗത്തെത്തിയിരുന്നു. കസ്തൂരി രംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെ സംസ്ഥാനമൊട്ടാകെ സമരം നടത്തുന്ന സി.പി.ഐ.എമ്മിന് വി.എസിന്‍റെ നിലപാട് വീണ്ടും തിരിച്ചടിയാകും.