ബ്രിട്ടിഷ് ഭരണകാലത്ത് ഉപയോഗിച്ചിരുന്ന കോലാര്‍ സ്വര്‍ണ്ണഖനി വീണ്ടും തുറക്കാന്‍ ഇന്ത്യ ആലോചിക്കുന്നു. 210 കോടി ഡോളര്‍ വിലമതിക്കുന്ന നിക്ഷേപം ഇപ്പോഴും ഇവിടെയുണ്ടെന്നാണ് കണക്കാക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്നതില്‍ രണ്ടാം സ്ഥാനമുള്ള രാജ്യത്തിന്റെ വ്യാപാര കമ്മി നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടാണ് നീക്കം.
കര്‍ണ്ണാടകത്തില്‍ സ്ഥിതി ചെയ്യുന്ന കോലാര്‍ ഖനികളില്‍ പൊതുമേഖലാ സ്ഥാപനമായ മിനറല്‍ എക്പ്ലോറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് പര്യവേഷണം ആരംഭിച്ചിട്ടുണ്ട്. സ്വര്‍ണ്ണ നിക്ഷേപത്തിന്റെ ഏകദേശ കണക്ക് അറിയുകയാണ് ലക്ഷ്യം.
ഖനിയുടെ നിയന്ത്രണമുള്ള ഭാരത് ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡിന്‍റെ സാമ്പത്തിക സ്ഥിതി വിലയിരുത്താന്‍ എസ്.ബി.ഐ ക്യാപിറ്റലിനും കേന്ദ്ര ഖന മന്ത്രാലയം ചുമതല നല്‍കിയിട്ടുണ്ട്. 2001 മുതല്‍ ഈ സ്ഥാപനം നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല.
ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഒരു വര്‍ഷം 3000 കോടി ഡോളറിന്റെ സ്വര്‍ണ്ണമാണ് മറ്റ് രാജ്യങ്ങളില്‍ നിന്ന്‍ വാങ്ങുന്നത്.