Skip to main content

ബ്രിക്സ് കൂട്ടായ്മയുടെ എട്ടാമത് ഉച്ചകോടിയ്ക്ക് ഗോവയില്‍ ശനിയാഴ്ച അരങ്ങുണര്‍ന്നു. ശനി-ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ ബ്രസീല്‍ പ്രസിഡന്‍റ് മൈക്കല്‍ ടെമര്‍, റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍, ചൈനയുടെ പ്രസിഡന്റ് ശി ജിന്‍പിങ്ങ്, ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് ജേക്കബ് സുമ എന്നിവര്‍ പങ്കെടുക്കും.

 

ഉച്ചകോടിയ്ക്കെത്തുന്ന നേതാക്കളുമായി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. ഞായറാഴ്ചയാണ് ബ്രിക്സ് സമ്മേളനം.

 

ഏഴംഗ ബിംസ്ടെക് രാഷ്ട്രങ്ങളുമായുള്ള സഹകരണമാണ് ഇത്തവണത്തെ ബ്രിക്സ് സമ്മേളനത്തിന്റെ പ്രധാന സവിശേഷത. ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തെ രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ബിംസ്ടെക്. ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്മാര്‍, ഭൂട്ടാന്‍, തായ്ലാന്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഭരണാധികാരികള്‍ ബ്രിക്സ് നേതാക്കളുമായി ഞായറാഴ്ച ചര്‍ച്ച നടത്തും.   

 

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദം ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചയാകും. റഷ്യ സക്രിയമായി ഉള്‍പ്പെടുന്ന സിറിയന്‍ സംഘര്‍ഷവും പ്രധാന വിഷയമായേക്കും. ബ്രസീലും ദക്ഷിണാഫ്രിക്കയും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ ആഗോള സാമ്പത്തിക നിലയും ചര്‍ച്ചകളില്‍ പ്രാമുഖ്യം നേടാം.

 

ലോകജനസംഖ്യയുടെ പകുതിയെ പ്രതിനിധീകരിക്കുന്ന ബ്രിക്സ് രാഷ്ട്രങ്ങളുടെ കൂട്ടായ മൊത്ത സാമ്പത്തിക ഉല്‍പ്പാദനം 16.6 ട്രില്ല്യന്‍ ഡോളര്‍ ആണ്.