ജമ്മു കശ്മീരിലെ ഉറിയില്‍ സൈനിക താവളം ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വെറും വാക്കുകള്‍ ആയി അവശേഷിക്കില്ലെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കര്‍. സേനയുടെ ഭാഗത്ത് നിന്ന്‍ വീഴ്ചയുണ്ടായെന്നും മന്ത്രി പ്രസ്താവിച്ചു.
അതേസമയം, ഉടന്‍ സൈനിക പ്രതികരണം ഉണ്ടാകില്ലെന്ന് പരിക്കര്‍ സൂചന നല്‍കി. ഉത്തരവാദപ്പെട്ട ഒരു രാജ്യമെന്ന നിലയിലായിരിക്കും നടപടിയെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, പാകിസ്ഥാന്റെ ആണവായുധങ്ങള്‍ കണ്ട് ഭയക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
താവളം ആക്രമിക്കപ്പെട്ടതിന് പിന്നിലെ സുരക്ഷാ വീഴ്ച സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. മരിച്ച 18 സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ പലരും ഉറങ്ങിക്കിടന്ന താല്‍ക്കാലിക കൂടാരത്തിന് തീപിടിച്ചാണ് മരിച്ചത്.
അതേസമയം, ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട പൊതുസഭയെ അഭിസംബോധന ചെയ്യവേ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫ് കശ്മീര്‍ പ്രശ്നം ഉന്നയിച്ചു. ജൂലൈ എട്ടിന് സുരക്ഷാ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാണ്ടര്‍ ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിച്ച സ്വയം നിര്‍ണ്ണയ അവകാശത്തിനായുള്ള കശ്മീരി ജനതയുടെ ആവശ്യത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുമായി കശ്മീര്‍ വിഷയമടക്കമുള്ള തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിന് ഗൌരവകരവും തുടര്‍ച്ചയുമായ സംഭാഷണത്തിന് തയ്യാറാണെന്ന് പറഞ്ഞ ഷെരിഫ് അസ്വീകാര്യമായ നിബന്ധനകള്‍ ഉയര്‍ത്തി ഇന്ത്യ ഈ ശ്രമങ്ങള്‍ മുടക്കുകയാണെന്ന് ആരോപിച്ചു.
എന്നാല്‍, സംഭാഷണത്തിന് മുന്‍പ് തീവ്രവാദ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന ഒറ്റ നിബന്ധനയേ ഇന്ത്യ മുന്നോട്ടുവെച്ചിട്ടുള്ളുവെന്നും ഇതാണോ അസ്വീകാര്യമെന്നും ഇന്ത്യയുടെ ഔദ്യോഗിക വക്താക്കള്‍ പ്രതികരിച്ചു. പാകിസ്ഥാന്‍ ഒരു തീവ്രവാദ രാഷ്ട്രമായി മാറിയിരിക്കുകയാണെന്നും തീവ്രവാദത്തെ രാഷ്ട്രനയമായി ഉപയോഗികക്കുക വഴി യുദ്ധക്കുറ്റമാണ് പാകിസ്ഥാന്‍ ചെയ്യുന്നതെന്നും ഇന്ത്യ ആരോപിച്ചു.