Skip to main content
Ad Image

ഉറി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെ ആഗോളതലത്തില്‍ നയതന്ത്രപരമായി ഒറ്റപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. ഇതിനാവശ്യമായ തെളിവുകള്‍ ശേഖരിച്ച് അടുത്തുവരുന്ന യു.എന്‍ പൊതുസഭയടക്കമുള്ള ആഗോള വേദികളില്‍ അവതരിപ്പിക്കാനായിരിക്കും ശ്രമം. അതിനിടെ, പരിക്കേറ്റ ഒരു സൈനികന്‍ കൂടി മരിച്ചതോടെ ഞായറാഴ്ച പുലര്‍ച്ച നടന്ന ആക്രമണത്തില്‍ മരിച്ച സൈനികരുടെ എണ്ണം 18 ആയി.

 

ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ്, ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി, പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ ഡോവല്‍, കരസേനാ മേധാവി ദല്‍ബീര്‍ സിങ്ങ് സുഹാഗ് എന്നിവരും പ്രധാനമന്ത്രി കാര്യാലയം, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

 

യോഗത്തിന് ശേഷം പ്രധാനമന്ത്രി മോദി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ട് സ്ഥിതിഗതികള്‍ ധരിപ്പിക്കുകയും ചെയ്തു.

 

അതേസമയം, ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സര്‍ക്കാറിന്റെ പാകിസ്ഥാന്‍ നയത്തിലെ പാളിച്ചകള്‍ക്ക് മോദി മാത്രമാണ് ഉത്തരവാദിയെന്നു കോണ്‍ഗ്രസ് വക്താവ് കുറ്റപ്പെടുത്തി. പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കര്‍ക്കെതിരെ നടപടി വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.    

Ad Image