Skip to main content
Ad Image

ഇന്ത്യന്‍ സൈന്യത്തിന് നേരെയുള്ള ഏറ്റവും മാരകമായ തീവ്രവാദി ആക്രമണങ്ങളിലൊന്നില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെയാണ് ജമ്മു കശ്മീരിലെ ഉറി സൈനിക താവളത്തില്‍ ഭീകരര്‍ ആക്രമണം നടത്തിയത്. പാക് അധിനിവേശ കശ്മീരിനെ വേര്‍തിരിക്കുന്ന നിയന്ത്രണരേഖയ്ക്ക് സമീപമുള്ള സേനാതാവളത്തില്‍ നുഴഞ്ഞുകയറിയ നാല് ഭീകരരും സേനയുടെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

 

സൈനികര്‍ ഉറങ്ങിക്കിടക്കവേ ആയിരുന്നു ആക്രമണം. ഭീകരര്‍ ഒരു കെട്ടിടത്തിന് തീ വെക്കുകയും ചെയ്തു. 12 പേര്‍ തീപിടുത്തത്തിലാണ് മരിച്ചത്. ബാക്കിയുള്ളവര്‍ ഏറ്റുമുട്ടലിലും. 30-ലധികം സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. 12,000 സൈനികര്‍ താല്‍ക്കാലിക തമ്പുകളിലും മറ്റുമായി താവളത്തില്‍ ഉണ്ടായിരുന്നതായി സേനയുടെ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

 

ആക്രമണത്തിന് പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. ആരും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെങ്കിലും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചു. പാകിസ്ഥാനെ ഭീകരരാഷ്ട്രമായി തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. റഷ്യ യു.എസ് എന്നിവടങ്ങളിലേക്കുള്ള സന്ദര്‍ശനം രാജ്നാഥ് സിങ്ങ് റദ്ദാക്കി. പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കരും സൈനിക മേധാവി ജനറല്‍ ദല്‍ബീര്‍ സിങ്ങ് സുഹാഗും ഉറിയിലേക്ക് തിരിച്ചിട്ടുണ്ട്.

 

കശ്മീരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഈ ആക്രമണം സമാധാന ശ്രമങ്ങളെ തകിടം മറിക്കുമെന്ന് ഉറപ്പാണ്. നിരോധിത ഭീകര സംഘടന ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ കമാണ്ടര്‍ ബുര്‍ഹാന്‍ വാനി ജൂലൈ എട്ടിന് സുരക്ഷാ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കശ്മീരില്‍ വിഘടനവാദ സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തമാണ്. ഇതുവരെ 86 പേര്‍ കൊല്ലപ്പെടുകയും പതിനായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും പ്രക്ഷോഭത്തിന് പിന്നില്‍ പാകിസ്ഥാനില്‍ നിന്ന്‍ നുഴഞ്ഞുകയറിയ ഭീകരരാണെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. ഇപ്പോള്‍ സേനാതാവളത്തിലെ ആക്രമണതിന് പിന്നിലും ഇവരാണെന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്.          

Ad Image