പണം നേരിട്ട് കൊടുത്ത് സ്വര്‍ണ്ണം വാങ്ങുമ്പോള്‍ ഏര്‍പ്പെടുത്തിയിരുന്ന നികുതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച ഇളവ് വരുത്തി. രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന സ്വര്‍ണ്ണത്തിന് ഏര്‍പ്പെടുത്തിയിരുന്ന ഒരു ശതമാനം നികുതി ഇനി അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള വില്‍പ്പനയ്ക്ക് ആയിരിക്കും ബാധകം. ഉത്തരവ് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് വെള്ളി ഒഴിച്ചുള്ള ആഭരണങ്ങളുടെ വില്‍പ്പനയില്‍ ഒരു ശതമാനം എക്സൈസ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയത്. നടപടി സ്വര്‍ണ്ണ വ്യാപാരികളില്‍ നിന്ന്‍ കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തി. തുടര്‍ന്ന്‍, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അശോക് ലാഹിരിയുടെ നേതൃത്വത്തില്‍ ഒരു സമിതിയെ വിഷയം പഠിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.
മാര്‍ച്ച് രണ്ട് മുതല്‍ വ്യാപാരികള്‍ നടത്തിയ 42 ദിവസത്തെ സമരത്തില്‍ ഒരു ലക്ഷം കോടി രൂപയിലധികം നഷ്ടമുണ്ടായതായി കണക്കാക്കുന്നു. രണ്ടു ലക്ഷം രൂപയുടെ മുകളിലുള്ള ഇടപാടുകളില്‍ ഉപഭോക്താക്കള്‍ പാന്‍ നിര്‍ബന്ധമായും നല്‍കണമെന്ന നിര്‍ദ്ദേശവും വ്യാപാരികളുടെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു.