ഇന്ത്യയിലെത്തിയ ചൈനീസ് വിദേശകാര്യമന്ത്രി വാങ്‌യീ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തി. വാങ്‌യീയുമായുള്ള ചര്‍ച്ച ക്രിയാത്മകവും സൗഹാര്‍ദ്ദപരവുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചൈനീസ് വിദേശകാര്യമന്ത്രി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയത്.
വാങ്‌യി നാളെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ ചൈനീസ് പ്രസിഡന്റ് സി. ജിങ്പിങ് താത്പര്യം അറിയിച്ചിരുന്നു. ഇതുസംബന്ധിച്ചും ഇന്നും നാളെയുമായി നടക്കുന്ന ചര്‍ച്ചകളില്‍ തീരുമാനമുണ്ടായേക്കും. അടുത്തമാസം ബ്രസീലില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ നരേന്ദ്ര മോദിയും സി. ജിങ്പിങും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തും.
വാണിജ്യ വ്യാപാരമേഖലകളില്‍ കൂടുതല്‍ കരാറുകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവയ്ക്കും. ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന നിലപാടാണ് നരേന്ദ്ര മോദിക്കുള്ളത്. ഏഷ്യാ പസഫിക് സമുദ്രത്തില്‍ യു.എസ് സൈനിക വിന്യാസം നടത്തുന്ന സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന് ചൈനീസ് സര്‍ക്കാരും മുന്‍തൂക്കം നല്‍കുന്നുണ്ട്. അതേസമയം വാങ്‌യീയുടെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ ടിബറ്റന്‍ അനുകൂലികള്‍ ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനം നടത്തി.