Skip to main content
ജമ്മു

 

ജമ്മു കശ്മീരിലെ കതുവ ജില്ലയില്‍ സൈനിക വേഷം ധരിച്ചെത്തിയ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന്‍ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.

 

ജില്ലയിലെ ദയാല ചക് മേഖലയിലെ തമാനല്ല പാലത്തില്‍ വെച്ച് സൈനിക് വേഷം ധരിച്ച മൂന്ന്‍ പേര്‍ ഒരു വാഹനം തടഞ്ഞുനിര്‍‍ത്തി യാത്രക്കാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന്‍ പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവിടെയാണ്‌ ഒരാള്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജമ്മുവിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ മാതാ വൈഷ്ണോ ദേവി ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങുന്ന പഞ്ചാബ് സ്വദേശികളാണ് ആക്രമണത്തിന് ഇരയായത്.

 

ഡ്രൈവര്‍ക്കൊപ്പം തട്ടിയെടുത്ത വാഹനവുമായി ഒരു സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തി. തുടര്‍ന്ന്‍, രണ്ട് മണിക്കൂര്‍ പിന്തുടര്‍ന്ന്‍ കലിബാരി-ജംഗ്ലോതെ മേഖലയില്‍ സൈന്യം ഈ വാഹനം തടയുകയായിരുന്നു. തുടര്‍ന്ന്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ കനത്ത വെടിവെപ്പ് നടന്നു. രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഡ്രൈവറുടെ നില അറിവായിട്ടില്ല.

 

കതുവ, സാംബ, ജമ്മു ജില്ലകളിലെ സൈനിക ക്യാമ്പുകളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മേഖലയില്‍ സൈന്യം അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സെപ്തംബര്‍ 26-ന് കതുവയിലേയും സാംബയിലേയും ഒരു പോലീസ് സ്റ്റേഷനും സൈനിക ക്യാമ്പിനും നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ നാല് പോലീസുകാരും ഒരു സൈനിക ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.

 

രണ്ട് ദിവസം മുന്‍പ് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി കതുവയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തിരുന്നു.