പട്ടാളവേഷം ധരിച്ചെത്തിയ തീവ്രവാദികള്‍ ജമ്മുവില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നടത്തിയ ഇരട്ട ആക്രമണത്തില്‍ 12 പേരെങ്കിലും കൊല്ലപ്പെട്ടതായി കരുതുന്നു. പോലീസ് സ്റ്റേഷനിലും സൈനിക കന്റോണ്‍മെന്റിലുമാണ് ആക്രമണം ഉണ്ടായത്. പത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
ജമ്മുവിലെ കതുവ ജില്ലയിലെ ഹീരനഗര്‍ പോലീസ് സ്റ്റേഷനിലാണ് ആദ്യം ആക്രമണം നടന്നത്. ഇവിടെ നാല് പോലീസുകാരും രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടു. ഇവിടെ നിന്ന്‍ ഡ്രൈവറെ കൊലപ്പെടുത്തി തട്ടിയെടുത്ത ഒരു ട്രക്കില്‍ രക്ഷപ്പെട്ട അക്രമികള്‍ സമീപ ജില്ലയായ സാംബയിലെ സൈനിക കന്റോണ്‍മെന്റില്‍ എത്തി ആക്രമണം നടത്തുകയായിരുന്നു. ഇവിടെ ഒരു ലെഫ്റ്റനന്റ് കേണല്‍ ഉള്‍പ്പെടെ ആറു സൈനികരെങ്കിലും കൊല്ലപ്പെട്ടതായി കരുതുന്നു.
സൈനികവേഷം ധരിച്ചതിനാല്‍ കവാടത്തില്‍ തിരിച്ചറിയപ്പെടാതെ കന്റോണ്‍മെന്റില്‍ കടന്ന അക്രമികള്‍ മെസില്‍ എത്തി നിരായുധരായ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു മേഖലയില്‍ ഒരു ദശാബ്ദത്തിനിടെ നടക്കുന്ന ആദ്യ ഫിദായീന്‍ (ആത്മഹത്യാ സ്ക്വാഡ്) ആക്രമണമാണ് ഇത്.