Skip to main content
ന്യൂഡല്‍ഹി

congress and bjpയു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേദാന്ത റിസോഴ്സസില്‍ നിന്ന്‍ കോണ്‍ഗ്രസും ബി.ജെ.പിയും സംഭാവന സ്വീകരിച്ചത് നിയമങ്ങള്‍ ലംഘിച്ചാണെന്ന്‍ ഡെല്‍ഹി ഹൈക്കോടതി. രണ്ട് പാര്‍ട്ടികള്‍ക്കും എതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കോടതി നിര്‍ദ്ദേശം നല്‍കി. ആറു മാസത്തിനുള്ളില്‍ നടപടിയെടുക്കണമെന്നാണ് ജസ്റ്റിസുമാരായ പ്രദീപ്‌ നന്ദ്രജോഗ്, ജയന്ത് നാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദ്ദേശം.

 

അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന സന്നദ്ധസംഘടനയും കേന്ദ്ര സര്‍ക്കാറില്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന്‍ വിരമിച്ച ഇ.എ.എസ് ശര്‍മയും നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് വിധി. ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷണാണ് സംഘടനയെ പ്രതിനിധീകരിച്ചത്. കേസില്‍ ഫെബ്രുവരി 28-ന് വാദം പൂര്‍ത്തിയാക്കിയ ബഞ്ച് ഇന്നേക്ക് വിധി പറയാന്‍ മാറ്റി വെച്ചിരിക്കുകയായിരുന്നു.

 

വിദേശ ഫണ്ടും മറ്റുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും നടത്തുന്ന ലംഘനങ്ങള്‍ കോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അന്വേഷണ സംഘമോ സി.ബി.ഐയോ അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ജനപ്രാതിനിധ്യ നിയമത്തിലും വിദേശ സംഭാവന നിയന്ത്രണ നിയമത്തിലും ഉള്ള വിലക്കുകള്‍ ലംഘിച്ചാണ് കോണ്‍ഗ്രസും ബി.ജെ.പിയും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വിദേശ സ്രോതസ്സുകളില്‍ നിന്നും സംഭാവന സ്വീകരിച്ചിട്ടുള്ളതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.