തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്റെ നാല് പ്രവര്‍ത്തകരെ ഡെല്‍ഹി പോലീസ് രാജസ്താനില്‍ നിന്ന്‍ അറസ്റ്റ് ചെയ്തു. ഇന്ത്യയില്‍ നടന്ന വിവിധ സ്ഫോടനങ്ങളില്‍ സംശയിക്കപ്പെടുന്ന പാകിസ്താനി സ്വദേശി വക്വാസ് അഹമ്മദും മഹറൂഫ്, മെഹ്രാജ് എന്ന മെഹ്രാജുദ്ദീന്‍, സാഖിബ് എന്നിവരാണ് പിടിയിലായതെന്ന് ഡെല്‍ഹി പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ഖാഡ് ഞായറാഴ്ച അറിയിച്ചു.
ആയുധങ്ങള്‍ സഹിതമാണ് ഇവരെ പിടികൂടിയതെന്നും വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് ആക്രമണങ്ങള്‍ നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പോലീസ് പറയുന്നു. വക്വാസ് മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളവും സന്ദര്‍ശിച്ചിരുന്നതായും ഡെല്‍ഹി പോലീസ് അറിയിച്ചു.
വക്വാസിനെ അജ്മീര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സാഖിബിനെ ജൊധ്പൂരില്‍ നിന്നും മറ്റ് രണ്ടുപേരെ ജെയ്പൂരില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. രാജസ്താന്‍ തീവ്രവാദ വിരുദ്ധ സ്ഖാഡിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. ഡെല്‍ഹി അതിര്‍ത്തിയിയിലൂടെ സ്ഫോടകവസ്തുക്കള്‍ വന്‍തോതില്‍ കടത്തുന്നതായി ലഭിച്ച വിവരമാണ് അറസ്റ്റിലേക്ക് വഴിതെളിച്ചതെന്ന് പോലീസ് അറിയിച്ചു.
2008 മുതല്‍ ഇന്ത്യയില്‍ നടന്ന വിവിധ സ്ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് പോലീസ് കരുതുന്ന 24-കാരനായ വക്വാസ് ഇപ്പോള്‍ മഹാരാഷ്ട്ര പോലീസിന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപക നേതാവ് യാസിന്‍ ഭട്ട്കലിന്റെ അടുത്തയാളായാണ് അറിയപ്പെടുന്നത്.