സീമാന്ധ്രക്ക് പ്രത്യേക പദവി നല്‍കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ബന്ദിന് ആഹ്വാനവുമായി ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിധീഷ് കുമാര്‍ രംഗത്ത്. ബീഹാറിന് പ്രത്യേക പദവി നല്‍കണമെന്ന നാളുകളായിട്ടുള്ള ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ബീഹാര്‍ മുഖ്യമന്ത്രി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനും മുന്‍ ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢിക്കും പിന്നാലെയാണ് യു.പി.എ സര്‍ക്കാറിന്റെ അസമത്വപൂര്‍ണമായ തീരുമാനത്തിനെതിരെ സമരവുമായി മറ്റൊരു മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സീമാന്ധ്ര മേഖലയ്ക്ക് അഞ്ചു വര്‍ഷത്തേയ്ക്ക് പ്രത്യേക പദവി നല്‍കുമെന്ന് രാജ്യസഭയില്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് അറിയിച്ചിരുന്നു. മാര്‍ച്ച് ഒന്നാം തിയതി ബീഹാറില്‍ മുഴുവന്‍ ബന്ദ് നടത്താന്‍ അദ്ദേഹം അവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളോടും ജനങ്ങളോടും ആവശ്യപ്പെട്ടു.
സീമാന്ധ്രക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കുന്നതിനോട് തനിക്ക് എതിര്‍പ്പില്ല എന്നും എന്നാല്‍ ഇതേ ആവശ്യമാണ് ബീഹാറും ഉന്നയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. രഘുറാം രാജന് കമ്മറ്റിയുടെ ശുപാര്‍ശ ഉണ്ടായിട്ട് പോലും തങ്ങള്‍ക്ക് ഇത് നിഷേധിക്കപ്പെടുകയാണ്. സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.