Skip to main content
കൊച്ചി

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് നിയമതടസം ഇല്ലെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി.ആസിഫ് അലി അറിയിച്ചു. അതേസമയം ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതികളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ഡി.ജി.പി സെന്‍കുമാര്‍ ഉത്തരവിട്ടു.

 

ടിപി വധക്കേസില്‍ നടന്ന  ഉന്നതതല ഗൂഢാലോചനയെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ടി.പിയുടെ വിധവ രമയുടെ ആവശ്യത്തെ പരിഗണിച്ചാണ് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച് നിയമോപദേശം തേടിയത്. സമാന കേസുകളില്‍ സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശങ്ങളും ഹൈക്കോടതി വിധികളും പരിശോധിച്ച ശേഷം സി.ബി.ഐ അന്വേഷണത്തിന് നിയമ തടസ്സമില്ലെന്ന് ഡി.ജി.പി നിര്‍ദ്ദേശിക്കുകയായിരുന്നു.

 

സി.പി.എം നേതാക്കളായ പി.കെ കുഞ്ഞനന്തന്‍, കെ.സി രാമചന്ദ്രന്‍ എന്നിവരൊഴികെ മറ്റ് ഒമ്പതു പ്രതികളെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാണ്  ജയില്‍ ഡി.ജി.പി ഉത്തരവിട്ടു. ടി.പി കേസ് പ്രതികള്‍ ജലില്‍ സുരക്ഷക്ക് ഭീഷണിയാണെന്നും കണ്ണൂരില്‍ നിന്ന് മാറ്റണമെന്നും ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ തീരുമാനം. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തി പ്രതികളെ ഇന്നു തന്നെ വിയ്യൂരിലേക്ക് മാറ്റിയേക്കും.