സിവില്‍ സര്‍വീസിന്റെ നിഷ്പക്ഷത ഉറപ്പ് വരുത്താന്‍ മന്ത്രിമാരുടെ പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. വ്യാഴാഴ്ച (ഇന്ന്‍) ചേരുന്ന മന്ത്രിസഭായോഗം ഇത് സംബന്ധിച്ച നിര്‍ദ്ദേശം ചര്‍ച്ച ചെയ്യും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ന നിലയിലുള്ള കടമകളും ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നതിന് വിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് വിലക്കുന്നതാണ് ഭേദഗതി. ആഗ്രഹിക്കുന്ന സ്ഥലം മാറ്റങ്ങളും ആകര്‍ഷണീയമായ പദവികളും വാഗ്ദാനം ചെയ്യുന്നതും വിലക്കുന്ന ഭേദഗതിയും ഇതിനൊപ്പം കൊണ്ടുവരാന്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു.
1964-ല്‍ കൊണ്ടുവന്ന പെരുമാറ്റച്ചട്ടത്തില്‍ വരുത്തുന്ന രണ്ടാമത്തെ ഭേദഗതിയാകും ഇത്. പെരുമാറ്റച്ചട്ടം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മന്ത്രിമാര്‍ക്ക് നിയമപരമായ ബാധ്യത ഇല്ല. എങ്കിലും മന്ത്രിമാര്‍ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ പെരുമാറ്റച്ചട്ടം അനുസരിച്ചാണ് എല്ലാ വര്‍ഷവും ആഗസ്ത് 31-ന് മുന്‍പായി കേന്ദ്രമന്ത്രിമാര്‍ പ്രധാനമന്ത്രിയുടെയും, സംസ്ഥാന മന്ത്രിമാര്‍ മുഖ്യമന്ത്രിയുടെയും മുന്നില്‍ തങ്ങളുടെ സ്വത്തുവിവരം വെളിപ്പെടുത്തുന്നത്.