അസ്സമിലെ ഗോല്‍പാര ജില്ലയില്‍ സൈനിക വേഷത്തിലെത്തിയ തീവ്രവാദികള്‍ ഞായറാഴ്ച രാത്രി നടത്തിയ വെടിവെപ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ഒന്‍പത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ദീപാവലി ആഘോഷിക്കുകയായിരുന്നവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മേഘാലയ അതിര്‍ത്തിയിലുള്ള ഈ പ്രദേശത്തേക്ക് സൈന്യത്തെ വിളിച്ചിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ രാത്രി സമയത്ത് അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു.
രാത്രി എട്ടുമണിയോടെ മേഘാലയയില്‍ നിന്നെത്തിയ ഗരോ ദേശീയ വിമോചന സൈന്യത്തിലെ അംഗങ്ങളെന്ന് കരുതുന്ന എട്ടംഗ തീവ്രവാദി സംഘം ഒരു ചായക്കടയ്ക്ക് മുന്നില്‍ ദീപാവലി ആഘോഷിക്കുകയായിരുന്നവര്‍ക്ക് നേരെ തലങ്ങും വിലങ്ങും നിറയൊഴിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരെല്ലാം രഭ വിഭാഗത്തില്‍ പെട്ടവരാണെന്ന് കരുതുന്നു.
രഭ, ഗരോ എന്നീ ഗോത്ര വിഭാഗക്കാര്‍ തമ്മില്‍ ഏതാനും ആഴ്ചകളായി ഇവിടെ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. നവംബര്‍ 13-നും 25-നും ഇടയില്‍ നടക്കുന്ന രഭ ഹസോങ്ങ് സ്വയംഭരണ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്. രഭ വിഭാഗത്തിന് ഭൂരിപക്ഷമുള്ള ഈ മേഖലയിലെ മറ്റ് വിഭാഗക്കാര്‍ കൗണ്‍സിലിന്റെ അധികാരപരിധിയില്‍ നിന്ന്‍ തങ്ങളുടെ പ്രദേശങ്ങള്‍ ഒഴിവാക്കണം എന്ന ആവശ്യം ഉയര്‍ത്തുന്നു.