Skip to main content
റാഞ്ചി

കാലിത്തീറ്റ കുംഭകോണക്കേസില്‍ അഞ്ചു വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട ആര്‍.ജെ.ഡി നേതാവും  ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് ആര്‍.ആര്‍. പ്രസാദ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

 

കേസില്‍ പ്രതിയായ ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്രക്ക്‌ കഴിഞ്ഞ ദിവസം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. 17 വര്‍ഷത്തിനു ശേഷമാണ് കുംഭകോണക്കേസില്‍ വിധി പ്രഖ്യാപിച്ചത്. കോടതി വിധിയെ തുടര്‍ന്ന് ലാലുവിനും ജെ.ഡി.യു നേതാവ് ജഗദീഷ് ശര്‍മക്കും എം.പി സ്ഥാനം നഷ്ടപ്പെട്ടിരുന്നു.

 

സംസ്ഥാന വിഭജനത്തിനു മുന്‍പ് ബിഹാറിലെ ചെബാസ ട്രഷറിയില്‍ നിന്ന് വ്യാജബിൽ ഉപയോഗിച്ച് 37.7 കോടി രൂപ പിന്‍വലിച്ചുവെന്നാണ്‌ കേസ്‌. ബിഹാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ കാലിത്തീറ്റ, മൃഗങ്ങള്‍ക്കുള്ള മരുന്ന്‌, ആശുപത്രി ഉപകരണങ്ങള്‍ എന്നിവ വാങ്ങിയ ഇനത്തിലായിരുന്നു വ്യാജബില്‍ സൃഷ്ടിച്ചത്. ലാലുവിന് പുറമേ 46 പ്രതികളാണ് കേസിലുള്ളത്.