ചികിത്സാപിഴവ്: ആശുപത്രി അധികൃതര്‍ 5.96 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

Thu, 24-10-2013 02:22:00 PM ;
ന്യൂഡല്‍ഹി

ചികിത്സയിലെ പിഴവ് മൂലം രോഗി മരിക്കാനിടയായ സംഭവത്തില്‍ കൊല്‍ക്കത്തയിലെ എ.എം.ആര്‍ .ഐ ആശുപത്രി അധികൃതര്‍ 5.96 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി വിധി. 1998-ല്‍ അനുരാധ സാഹാ എന്ന യുവതിയാണ് എ.എം.ആര്‍.ഐ ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ചത്. കേസില്‍ കുറ്റക്കാരെന്ന് കണ്ടത്തെിയ മൂന്നു ഡോക്ടര്‍മാര്‍ 10 ലക്ഷം രൂപ വീതം നല്‍കണം. രാജ്യത്ത് ആദ്യമായാണ്‌ ഇത്രയും വലിയ തുക നഷ്ടപരിഹാരമായി സുപ്രീം കോടതി വിധിക്കുന്നത്.

 

എ.എം.ആര്‍.ഐയില്‍ നടത്തിയ തെറ്റായ രോഗനിര്‍ണയവും അമിതമായി മരുന്നു നല്‍കിയതും തെറ്റായ ചികിത്സയുമാണ് മരണത്തിന് ഇടയാക്കിയതെന്ന് ചൂണ്ടിക്കാട്ടി രോഗിയുടെ ഭര്‍ത്താവ് ഡോ.കുനാല്‍ സാഹ കേസ് നല്‍കുകയായിരുന്നു. വിധി വന്ന് എട്ടാഴ്ചയ്ക്കുള്ളില്‍ നഷ്ടപരിഹാര തുക അടങ്ങുന്ന ഡി.ഡി കൈമാറണമെന്ന് ജസ്റ്റിസ് ഗോപാല്‍ ഗൗഡ പറഞ്ഞു. കേസിനോടനുബന്ധിച്ച് 17 ഡോക്ടര്‍മാരെയാണ് സുപ്രീംകോടതി വിചാരണ ചെയ്തത്.  

 

2009-ല്‍ കോടതിയുടെ പരിഗണനയ്ക്ക് വന്ന കേസ് ദേശീയ ഉപഭോക്തൃ തര്‍ക്ക കോടതിയുടെ പരിഗണനയ്ക്ക് വിടുകയും 1.7 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധി വരികയും ചെയ്തിരുന്നു. എന്നാല്‍ കൂടുതല്‍ നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് കുനാല്‍ സാഹാ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ പുതിയ വിധി. 

Tags: