അടുത്ത പൊതു തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി പദത്തിലേക്കുള്ള പന്തയം കടുത്തതായിരിക്കുമെന്ന കാര്യം ഇപ്പോള്‍ ഒരു തര്‍ക്കവിഷയമല്ല. ആരൊക്കെയാകും പന്തയക്കുതിരകള്‍ എന്ന് രാജ്യത്തെ രാഷ്ട്രീയ വൃത്തങ്ങള്‍ ചൂട് പിടിച്ചു ചര്‍ച്ച ചെയ്യുകയുമാണ്. രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ്ങ്, നരേന്ദ്ര മോഡി, എല്‍.കെ. അദ്വാനി എന്നിങ്ങനെയുള്ള പേരുകളുടെ ഇടയിലേക്ക് ധനമന്ത്രി പളനിയപ്പന്‍ ചിദംബരത്തേയും നീക്കി നിര്‍ത്തുകയാണ് യു.എസ്സ്. വാരികയായ ടൈം.
ടൈം വാരികയുടെ 2013ല്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ നിരയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഏക ഇന്ത്യന്‍ രാഷ്ട്രീയ നേതാവാണ് പി. ചിദംബരം. എന്നാല്‍ ചിദംബരത്തിന്റെ പെരുമാറ്റത്തിലെ ധാര്‍ഷ്ട്യം അടുത്ത തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യകക്ഷി സര്‍ക്കാരിന്റെ നേതാവ് എന്ന നിലയില്‍ പരിഗണിക്കപ്പെടുന്നതിന് വിഘാതമായേക്കും എന്ന്‍ വാരികക്ക് വേണ്ടി ധനകാര്യ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ ഉദ്യോഗസ്ഥന്‍ രുചിര്‍ ശര്‍മ്മ കുറിക്കുന്നു. പ്രധാനമന്ത്രി പദത്തിലേക്ക് എത്തണമെങ്കില്‍ ചിദംബരം രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുകയും പെരുമാറ്റത്തില്‍ ഇന്ത്യന്‍ ശൈലി സ്വീകരിക്കുകയും വേണമെന്ന് ശര്‍മ്മയുടെ നിര്‍ദ്ദേശമുണ്ട്.
ചലച്ചിത്ര നടന്‍ ആമിര്‍ ഖാന്‍, മനുഷ്യാവകാശ പ്രവര്‍ത്തക വൃന്ദ ഗ്രോവര്‍ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റ് ഇന്ത്യക്കാര്‍. ആമിര്‍ ഖാന്‍ ടൈം ഈയാഴ്ച പ്രസിദ്ധീകരിക്കുന്ന ഏഴു മുഖചിത്രങ്ങളില്‍ ഒന്നിലും പ്രത്യക്ഷപ്പെടുന്നു. പാതി ഇന്ത്യന്‍ വംശജയും യു.എസ്സിലെ കാലിഫോര്‍ണിയ സംസ്ഥാനത്തെ അറ്റോര്‍ണ്ണി ജനറലുമായ കമല ഹാരിസും പട്ടികയിലുണ്ട്. ചെന്നൈ സ്വദേശിയായ ഡോ. ശ്യാമള ഗോപാലന്റെ മകളായ കമല ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ്.
വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി പ്രതികരിച്ചതിന് താലിബാന്‍ ആക്രമണത്തിനിരയായ പാകിസ്ഥാനി പെണ്‍കുട്ടി മലാല യൂസഫ്‌സായ്, ഇറ്റാലിയുടെ ഫുട്ബാള്‍ തരം മരിയോ ബലോടെല്ലി, ഉത്തര കൊറിയന്‍ നേതാവ് കിം ജോങ്ങ് ആന്‍, മ്യാന്മര്‍ ജനാധിപത്യ പ്രവര്‍ത്തക ആങ്ങ് സാന്‍ സു കി, പോപ്പ് ഫ്രാന്‍സിസ് എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നു. ഒബാമ ദമ്പതിമാരും പട്ടികയിലുണ്ട്.