യു. എസ്. സൈന്യം മനുഷ്യ ജീവന് വില കല്‍പ്പിക്കുന്നില്ല - മാനിംഗ്

Sat, 02-03-2013 05:00:00 PM ;

ഫോര്‍ട്ട്‌ മീഡ്(മേരിലാന്റ്): ഇറാഖിലും അഫ്ഗാനിസ്ഥാനിലും മനുഷ്യ ജീവന് വില കല്‍പ്പിക്കാതെയുള്ള യു.എസ്. സൈന്യത്തിന്റെ പെരുമാറ്റം പുറത്തറിയിക്കാനാണ് സൈനിക രഹസ്യങ്ങള്‍ വികിലീക്സിനു ചോര്‍ത്തി നല്‍കിയതെന്ന് അമേരിക്കന്‍ സൈനികന്‍ ബ്രാഡ്ലി മാനിംഗ് പറഞ്ഞു. പട്ടാള വിചാരണയില്‍  തനിക്കു മേല്‍ ആരോപിച്ച 22 കുറ്റങ്ങളില്‍ 10 എണ്ണം സമ്മതിച്ച മാനിംഗ് അല്‍-ഖ്വയ്ദയെ സഹായിച്ചു എന്നതടക്കമുള്ള മറ്റു 12 എണ്ണം നിഷേധിച്ചു. മാനിംഗ് ഏറ്റ കുറ്റങ്ങള്‍ക്ക് 20 വര്‍ഷം വരെ തടവ്‌ ലഭിക്കാം.

 

മേരിലാന്‍ഡ് സൈനിക കേന്ദ്രത്തില്‍ നടക്കുന്ന വിചാരണയില്‍ എഴുതി തയ്യാറാക്കിയ പ്രസ്താവന മാനിംഗ് വായിക്കുകയായിരുന്നു. യുദ്ധത്തിന്റെ യഥാര്‍ത്ഥ വില അറിയാനുള്ള അവകാശം യു.എസ്. ജനതക്കുണ്ട് എന്ന് കരുതുന്നതിനാലാണ് രേഖകള്‍ ചോര്‍ത്തി പ്രസിദ്ധീകരണത്തിനു നല്‍കിയതെന്ന് മാനിംഗ് പറഞ്ഞു. രാജ്യത്തിന്റെ വിദേശ നയത്തെക്കുറിച്ച് പൊതു സമൂഹത്തില്‍ സംവാദം ഉയര്‍ത്തുകയായിരുന്നു താന്‍ ലക്ഷ്യമിട്ടതെന്നും മാനിംഗ് കൂട്ടിച്ചേര്‍ത്തു. രേഖകള്‍ ‘ന്യൂ യോര്‍ക്ക്‌ ടൈംസി’നും ‘വാഷിംഗ്‌ടണ്‍ പോസ്റ്റി’നും നല്‍കിയിരുന്നെങ്കിലും അവര്‍ ഇത് സ്വീകരിച്ചില്ലെന്ന് മാനിംഗ് അറിയിച്ചു.

 

2010 ജനുവരിയിലാണ് അഫ്ഗാന്‍-ഇറാഖ് യുദ്ധരേഖകളും ഗോണ്ട്വനാമോ തടവറയിലെ പീഡനങ്ങളെ സംബന്ധിച്ച രേഖകളും അമേരിക്കന്‍ അപാച്ചെ ഹെലികോപ്റ്റര്‍ 2007 ജൂലൈ 12ന് പകര്‍ത്തിയ വീഡിയോയും സൈന്യത്തില്‍ ഇന്റലിജന്‍സ് അനലിസ്റ്റ് ആയിരുന്ന മാനിംഗ് ചോര്‍ത്തിയത്‌. രണ്ട് റോയിട്ടേഴ്സ് ലേഖകരടക്കം നിരവധി പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ വീഡിയോ 'കൊളാറ്ററല്‍ മര്‍ഡര്‍' എന്ന പേരില്‍ വിക്കിലീക്സ് പുറത്തുവിട്ടിരുന്നു. യു.എസ് നയതന്ത്ര രേഖകള്‍ വിക്കിലീക്സ് പുറത്ത് വിട്ടതിനുശേഷം അറസ്റ്റിലായ മാനിംഗ് ഒരു വര്‍ഷത്തോളമായി അഞ്ജാത കേന്ദ്രത്തില്‍ ഏകാന്ത തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു.

Tags: