ടെഹ്‌റാന്‍: ഇറാന്‍-പാകിസ്താന്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്ക് തുടക്കമായി. ഇറാന്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദി നെജാദും പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും ചേര്‍ന്ന് ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ തിങ്കളാഴ്ച നടന്ന ചടങ്ങില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. യു.എസ്സിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് പദ്ധതി തുടങ്ങുന്നത്.
ഇന്ത്യയുടെ കൂടി പങ്കാളിത്തത്തോടെയായിരുന്നു 1994-ല്‍ പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ 2009-ല്‍ യു.എസ്സുമായി ആണവ ഉടമ്പടിയില്‍ ഒപ്പുവെച്ചതോടെ ഇന്ത്യ ചര്‍ച്ചകളില്‍ നിന്ന് പിന്‍വാങ്ങി. പക്ഷെ, പദ്ധതിയുമായി മുന്നോട്ട് പോകാന്‍ പാകിസ്താന്‍ തീരുമാനിക്കുകയായിരുന്നു.
ഇറാന്‍ ഭാഗത്തുള്ള പൈപ്പ് ലൈനിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. യു.എസ്. സമ്മര്‍ദവും സാമ്പത്തിക പ്രതിസന്ധിയും കാരണം പാക് ഭാഗത്തെ നിര്‍മാണം വൈകി. ഇറാന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്.