Skip to main content
Ad Image
പാരീസ്

 

പാരീസില്‍ ആക്ഷേപഹാസ്യ വാരിക ചാര്‍ളി ഹെബ്ദോ ആക്രമിച്ച സഹോദരങ്ങളെ പോലീസ് കണ്ടെത്തിയതായി സൂചന. ഇവരെ പോലീസ് തിരയുന്ന പ്രദേശത്ത് രണ്ട് പേര്‍ ചേര്‍ന്ന്‍ ഒരാളെ ബന്ദിയാക്കിയിട്ടുണ്ട്. ഇവിടെ ഒരു കാറിനെ പോലീസ് പിന്തുടരുകയും വെടിവെപ്പ് നടക്കുകയും ചെയ്തു.

 

ബുധനാഴ്ച ചാര്‍ളി ഹെബ്ദോ ആക്രമിച്ചവരെന്ന്‍ കരുതുന്ന ഷെരിഫ് കൌഷി, സൈദ്‌ കൌഷി എന്നിവര്‍ക്കായി രണ്ട് ദിവസമായി തിരച്ചില്‍ ശക്തമാണ്. ഇവരെ പിടികൂടാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് ഫ്രാന്‍സ് ആഭ്യന്തര മന്ത്രി ബെര്‍ണാഡ് കസനെവ് പറഞ്ഞു.

 

വടക്കുകിഴക്കന്‍ പാരീസിലെ ഡമാര്‍ട്ടിന്‍-എന്‍-ഗോള്‍ പ്രദേശത്ത് ഒരു അച്ചടി സ്ഥാപനത്തിലാണ് രണ്ട് പേര്‍ ഒരാളെ ബന്ദിയാക്കി പിടിച്ചിരിക്കുന്നത്. പോലീസ് സംഘം പ്രദേശമാകെ വളഞ്ഞിട്ടുണ്ട്. അടുത്തുള്ള ചാള്‍സ് ഡി ഗാള്‍ വിമാനത്താവളവും അടച്ചു.

 

കൌഷി സഹോദരങ്ങള്‍ രണ്ട് പേരും വര്‍ഷങ്ങളായി യു.എസ് തീവ്രവാദ നിരീക്ഷണ പട്ടികയില്‍ ഉള്ളവരാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇറാഖിലേക്ക് ജിഹാദി പോരാളികളെ അയച്ചതിന് 2008-ല്‍ മൂന്ന്‍ വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ഷെരിഫ് കൌഷി.  

 

12 പേര്‍ കൊല്ലപ്പെട്ട ആക്രമണം കഴിഞ്ഞ അര നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ നടന്ന ഏറ്റവും ശക്തമായ ഭീകരാക്രമണമാണ്. വാരികയുടെ പത്രാധിപര്‍ അടക്കം എട്ട് മാദ്ധ്യമപ്രവര്‍ത്തകരും രണ്ട് പോലീസുകാരും ഒരു ജീവനക്കാരനും ഒരു അതിഥിയുമാണ് ചാര്‍ളി ഹെബ്ദോയുടെ ഓഫീസില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

 

മുഹമ്മദ്‌ നബിയുടെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന്‍ വിവാദം സൃഷ്ടിച്ചിട്ടുള്ള വാരികയാണ് ചാര്‍ളി ഹെബ്ദോ. വധഭീഷണിയെ തുടര്‍ന്ന്‍ പത്രാധിപര്‍ സ്റ്റീഫന്‍ ഷാര്‍ബോണിയെക്ക് പോലീസ് സംരക്ഷണം ഉണ്ടായിരുന്നു. 2011-ല്‍ വാരികയുടെ ഓഫീസിന് നേരെ ബോംബേറ് ഉണ്ടായിരുന്നു.

Ad Image