തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള നടപടിയില്‍ സമവായത്തോടെ നീങ്ങണമെന്ന് പാക് സൈന്യത്തോട് ഭരണകൂടം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര തലത്തില്‍ വര്‍ധിച്ചുവരുന്ന ഒറ്റപ്പെടല്‍ ചൂണ്ടിക്കാട്ടിയാണ് നവാസ് ഷെരിഫ് സര്‍ക്കാറിന്റെ നിര്‍ണ്ണായക നീക്കമെന്ന് പാക് ദിനപത്രം ഡോൻ റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ച ഇരുവിഭാഗവും തമ്മില്‍ നടന്ന രഹസ്യയോഗത്തില്‍ രണ്ട് സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. നിരോധിത ഭീകര സംഘടനകള്‍ക്കെതിരെ ക്രമസമാധാന സേനകള്‍ നപടി എടുത്താല്‍ സൈനിക വൃത്തങ്ങളില്‍ നിന്ന്‍ ഇടപെടല്‍ ഉണ്ടാകരുത് എന്നതാണ് ഇതിലൊന്ന്‍. ഇന്ത്യയിലെ പത്താന്‍കോട്ട് സൈനിക താവളത്തിനു നേരെയുണ്ടായ ആക്രമണം സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കാനും 2008 മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് റാവല്‍പിണ്ടിയിലെ തീവ്രവാദ വിരുദ്ധ കോടതിയില്‍ മുടങ്ങിക്കിടക്കുന്ന വിചാരണ പുനരാരംഭിക്കാനുമാണ് മറ്റൊരു തീരുമാനം. പ്രധാനമന്ത്രി നവാസ് ഷെരിഫ് ആണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ആദ്യ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പാക് സൈനിക രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുടെ മേധാവി റിസ്വാന്‍ അക്തറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നാസര്‍ ജാന്‍ജുവയും പ്രവിശ്യാ ഭരണകൂടങ്ങള്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പത്താന്‍കോട്ട് ആക്രമണത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കാനും തീവ്രവാദ സംഘടന ജെയ്ഷ്-ഇ-മുഹമ്മദിനെതിരെ നടപടിയെടുക്കാനുമാണ് ഇന്ത്യയുടെ പ്രധാന ആവശ്യങ്ങളെന്ന്‍ പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൌധരി യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഹഖ്‌വാനി തീവ്രവാദ ശൃംഖലക്കെതിരെ യു.എസും നടപടി ആവശ്യപ്പെടുന്നു. പാകിസ്ഥാനുള്ള പിന്തുണ ചൈന ആവര്‍ത്തിച്ചെങ്കിലും മറ്റെന്തെങ്കിലും നടപടി സ്വീകരിക്കുന്നതിന് സമ്മര്‍ദ്ദമുണ്ടെന്ന് വിദേശകാര്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. ജെയ്ഷ്-ഇ-മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിനു മേല്‍ യു.എന്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത് സാങ്കേതികമായി തടയുന്നത് തുടരാമെന്ന് ചൈന അറിയിച്ചെങ്കിലും അതിന്റെ യുക്തിയില്‍ ചൈന സന്ദേഹം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.