താലിബാന്‍ 23 പാക്കിസ്ഥാന്‍ സൈനികരെ വധിച്ചു. 2010-ല്‍ തട്ടിക്കൊണ്ടു പോയവരെ തലയറുത്ത് വധിക്കുകയായിരുന്നു. 23 ഫ്രോണ്ടിയര്‍ കോറിലെ സൈനികരെയാണ് തെഹ്രീക്-ഇ-താലിബാന്‍ ഭീകരവാദികള്‍ വധിച്ചത്.
ഇതിനെ തുടര്‍ന്ന് ദിവസങ്ങളായി നടന്നു വന്നിരുന്ന പാക്-താലിബാന്‍ സമാധാന ചര്‍ച്ച നിറുത്തി വച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ അടിത്തറയ്ക്ക് തന്നെ ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തിലാണ് രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ പാക് സര്‍ക്കാരും താലിബാന്‍ പോരാളികളും തമ്മിലുള്ള ചര്‍ച്ച ആരംഭിച്ചത്.
സംഭവത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്തി നവാസ് ഷെരിഫ് അതിയായ ദുഖം രേഖപ്പെടുത്തി. സമാധാന ചര്‍ച്ച പുരോഗമിക്കെ ഉണ്ടായിട്ടുള്ള ഈ സംഭവം രാജ്യത്തെയൊന്നാകെ ഞെട്ടിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
സര്‍ക്കാരിനെ താഴെയിറക്കി രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു പാക്കിസ്ഥാനി താലിബാന്‍. ഈ സാഹചര്യത്തിലാണ് താലിബാന്‍ പോരാളികളുമായി സമാധാന ചര്‍ച്ചനടത്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമമാരംഭിച്ചത്. ഇതിനിടെ സമാധാനശ്രമങ്ങളെ തുരങ്കം വെയ്ക്കാന്‍ ചില തീവ്രവാദ ഗ്രൂപ്പുകള്‍ ശ്രമിച്ചെങ്കിലും അതെല്ലാം അവഗണിച്ചായിരുന്നു ചര്‍ച്ച ആരംഭിച്ചത്.