പാക് തീവ്രവാദ സംഘടന തെഹ്രീക്-ഇ-താലിബാന്‍ പാകിസ്താന്റെ (ടി.ടി.പി) പുതിയ മേധാവിയായി ഖാന്‍ സെയ്ദ് ‘സജ്ന’യെ ശനിയാഴ്ച ചേര്‍ന്ന താലിബാന്‍ ഗോത്രസഭ തീരുമാനിച്ചു. മേധാവിയായിരുന്ന ഹകിമുള്ള മെഹ്സൂദ് വെള്ളിയാഴ്ച യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഗോത്രസഭയായ ഷുറ ചേര്‍ന്നത്.
അറുപത് പേര്‍ പങ്കെടുത്ത യോഗത്തില്‍ സജ്നയ്ക്ക് അനുകൂലമായി 43 പേരും എതിര്‍ത്ത് 17 പേരും വോട്ട് ചെയ്തതായി പാകിസ്താന്‍ പത്രം ഡ്വാണ്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താന്റെ വടക്കുകിഴക്കന്‍ ഗോത്രമേഖലയിലെ വ്യത്യസ്ത തീവ്രവാദ സംഘടനകളുടെ പൊതുവേദിയാണ് ടി.ടി.പി. അഫ്ഗാനിസ്താനിലെ താലിബാന്‍ സംഘടനയോടെ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇവരുടെ പ്രധാന ആക്രമണ ലക്ഷ്യം പാക് സൈന്യമാണ്.
വിദ്യാര്‍ഥി എന്നര്‍ത്ഥമുള്ള വാക്കായ താലിബാന്‍ എന്ന പേരിലുള്ള സംഘടനയുടെ 36-കാരനായ പുതിയ നേതാവ് മതപരമായോ ഔദ്യോഗികമായോ ഉള്ള വിദ്യാഭ്യാസം ലഭിക്കാത്തയാളാണ്. എന്നാല്‍, അഫ്ഗാനിസ്താനില്‍ യുദ്ധത്തില്‍ പൊരുതിയ അനുഭവമുള്ള സെയ്ദ് കറാച്ചിയില്‍ പാക് നാവിക സേനാതാവളത്തിന് നേര്‍ക്ക് നടന്ന ആക്രമണത്തിന്റേയും 2012-ല്‍ താലിബാന്‍ 400 തടവുകാരെ മോചിപ്പിച്ച ജയില്‍ ആക്രമണത്തിന്റേയും സൂത്രധാരനായിരുന്നെന്ന് കരുതപ്പെടുന്നു.