പാകിസ്താനി തീവ്രവാദ സംഘടന താലിബാന്റെ മേധാവി ഹകിമുള്ള മെഹ്സൂദ് വെള്ളിയാഴ്ച യു.എസ് ഏജന്‍സി സി.ഐ.എയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. യു.എസ് സര്‍ക്കാര്‍ 50 ലക്ഷം ഡോളര്‍ തലയ്ക്ക് വില പറഞ്ഞിരുന്ന വ്യക്തിയായിരുന്നു മെഹ്സൂദ്. മരണം താലിബാന്‍ സ്ഥിരീകരിച്ചു. 2009 ആഗസ്ത് മുതലാണ് മെഹ്സൂദ് താലിബാന്‍ മേധാവിയായി പ്രവര്‍ത്തിച്ചു തുടങ്ങിയത്.
അഫ്ഗാനിലെ താലിബാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മെഹ്സൂദിന്റെ വിഭാഗം പാകിസ്താനിലെ സൈന്യത്തിനെതിരെ വന്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. മെയില്‍ അധികാരമേറ്റ പാക് പ്രധാനമന്ത്രി നവാസ് ഷെരിഫ് താലിബാനുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മെഹ്സൂദിന്റെ കൊലപാതകം സമാധാന സാധ്യതകളെ ഇല്ലാതാക്കിയേക്കാം. ഡ്രോണ്‍ ആക്രമണത്തെ പാക് സര്‍ക്കാര്‍ പതിവുപോലെ അപലപിച്ചിട്ടുണ്ട്.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് പ്രാദേശിക സമയം മൂന്ന്‍ മണിക്ക് മെഹ്സൂദിന്റെ ശവസംസ്കാരം നടത്തുമെന്ന് താലിബാന്‍ അറിയിച്ചു. ഭാവി പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാന്‍ ശനിയാഴ്ച തന്നെ ഗോത്രസഭ ചേരുമെന്നും സംഘടന അറിയിച്ചു. പാകിസ്താനിലെ ഗോത്ര മേഖലയിലെ വിവിധ തീവ്രവാദ സംഘടനകളെ ഒരുമിപ്പിക്കുന്നത് താലിബാനാണ്.