Skip to main content
ഇസ്ലാമാബാദ്

പാകിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ ജയില്‍ ആക്രമിച്ചു. പാകിസ്ഥാനിലെ ദേരാ ഇസ്മയില്‍ ഖാന്‍ നഗരത്തിലെ ജയിലിലാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് ആറു പോലീസ് ഉദ്യോഗസ്ഥരടക്കം 12പേര്‍ കൊല്ലപ്പെട്ടു. 250-ലധികം തടവുകാര്‍ രക്ഷപ്പെട്ടതായാണ് സൂചന.

 

തിങ്കളാഴ്ച രാത്രിയാണ് പോലീസ് യൂണിഫോമില്‍ എത്തിയ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. നിരോധിത സംഘടനകളിലെ പ്രവര്‍ത്തകരും പിടിയിലായ താലിബാന്‍ തീവ്രവാദികളും രക്ഷപ്പെട്ടവരില്‍പ്പെടുന്നു.

 

ബോംബുകളും ഗ്രനേഡ് പ്രോപ്പല്‍ഡ് റോക്കറ്റുകളും ഉപയോഗിച്ചാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. 5000 തടവുകാരാണ് ജയിലില്‍ ഉണ്ടായിരുന്നത്. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യു  ഏര്‍പ്പെടുത്തിയിരിക്കുകയാണ്.