തെഹ്‌റാന്‍: ഇസ്രയേല്‍, യു.എസ് എന്നീ രാജ്യങ്ങള്‍ക്ക് വേണ്ടി ചാരപ്പണി നടത്തിയതായി കണ്ടെത്തിയ രണ്ടുപേരെ ഇറാന്‍ ഞായറാഴ്ച തൂക്കിലേറ്റി. ഇസ്രയേല്‍ ചാര ഏജന്‍സിയായ മോസ്സാദിന് വിവരം കൈമാറിയ മുഹമ്മദ് ഹേദാരി, യു.എസ് ഏജന്‍സിയായ സി.ഐ.എക്ക് വിവരം കൈമാറിയ കൊറോഷ് അഹ്മദി എന്നിവരാണ് തൂക്കിലേറ്റപ്പെട്ടത്.
പണം സ്വീകരിച്ച് സുരക്ഷാവിവരങ്ങളും ദേശീയ രഹസ്യങ്ങളും കൈമാറിയെന്നതാണ് ഇരുവര്‍ക്കുമെതിരെ ആരോപിച്ചിരുന്ന കുറ്റം. തങ്ങളുടെ ആണവ പരിപാടി അട്ടിമറിക്കാന്‍ ഇസ്രായേലും യു.എസ്സും ശ്രമിക്കുന്നു എന്ന് കുറ്റപ്പെടുത്തുന്ന ഇറാന്‍ ഒട്ടേറെ പേരെ വിദേശ ഏജന്റുമാര്‍ എന്നാരോപിച്ച് സമീപവര്‍ഷങ്ങളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
2010 ജനുവരിയില്‍ ഒരു പ്രമുഖ ആണവ ശാസ്ത്രജ്ഞന്റെ വധിക്കാന്‍ മൊസ്സാദിന് സഹായം നല്‍കി എന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം മെയില്‍ മജീദ് ജമൈല്‍ ഫാഷി എന്നയാളെ ഇറാന്‍ തൂക്കിലേറ്റിയിരുന്നു. സി.ഐ.എ എജന്റ് എന്നാരോപിച്ച് അറസ്റ്റ് ചെയ്ത മുന്‍ യു.എസ് സൈനികനും ഇറാന്‍ വംശജനുമായ അമീര്‍ മിര്‍സായ് ഹെക്മതി ഇപ്പോഴും ഇറാന്‍ ജയിലാണ്.